196 പന്നികളെ കൊന്നു
text_fieldsrepresentational image
കൊല്ലങ്കോട്: ആഫ്രിക്കൻ പന്നിപ്പനി കണ്ടെത്തിയതിനെ തുടർന്ന് 196 പന്നികളെ കൊന്ന് കുഴിച്ചുമൂടി. ചെമ്മണാമ്പതിയിൽ അണ്ണാനഗറിലെ സ്വകാര്യ പന്നിഫാമിലാണ് അഞ്ച് ദിവസത്തിനിടെ രണ്ട് വളർത്തുപന്നികൾ ചത്തത്. പ്രദേശം സന്ദർശിച്ച മൃഗസംരക്ഷണ വകുപ്പ് സാമ്പിൾ ശേഖരിച്ച് ഭോപാൽ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. പരിശോധനയിൽ പന്നികളെ മാത്രം ബാധിക്കുന്ന ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ പത്മജയുടെ നേതൃത്വത്തിൽ ഫാമിലെ 196 പന്നികളെ കൊന്നൊടുക്കി ശാസ്ത്രീയമായി കുഴിച്ചിട്ടത്.
ജില്ലയിൽ ആദ്യമായാണ് ആഫ്രിക്കൻ പന്നിപ്പനി കണ്ടെത്തിയത്. ഈ രോഗം മനുഷ്യരിലേക്ക് പടരില്ലെന്നും അണ്ണാനഗറിൽ ഫാമിലുള്ളവർ നിരീക്ഷണത്തിലാണെന്നും ജില്ല മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.
പന്നിഫാമിന്റെ ഒരു കി.മീ. പരിധിയിലുള്ള മറ്റു ഫാമുകൾ കണ്ടെത്താനായിട്ടില്ല. ഉണ്ടെങ്കിൽ അവിടങ്ങളിലെ പന്നികളെ കൊന്നൊടുക്കേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു. ജനങ്ങൾ ഭീതിയിലാകാതിരിക്കാൻ പന്നികളെ കൊന്നൊടുക്കുന്ന പ്രദേശത്തേക്ക് ആരെയും കടത്തിവിടാതെയാണ് നടപടിക്രമങ്ങൾ വ്യാഴാഴ്ച വൈകീട്ട് ആറരയോടെ പൂർത്തീകരിച്ചത്.
മനുഷ്യനെ ബാധിക്കാത്ത രോഗമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. മൃഗസംരക്ഷണം, റവന്യൂ, പഞ്ചായത്ത് വകുപ്പുകൾ സംയുക്തമായാണ് പന്നികളെ കൊന്നൊടുക്കുന്ന ദൗത്യത്തിൽ പങ്കെടുത്തത്. മുതലമട ഗ്രാമപഞ്ചായത്തിൽ അനധികൃതമായി പന്നിഫാമുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി രാധ സുരേഷ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.