എസ്.ബി.ഐ ലയനശേഷം കേരളത്തിൽ പൂട്ടിയത് 230 ശാഖകൾ
text_fieldsപാലക്കാട്: എസ്.ബി.ഐയിലേക്ക് ബാങ്കുകൾ ലയിച്ചശേഷം കേരളത്തിൽ പൂട്ടിപ്പോയത് 230 ശാഖകൾ. അന്നുണ്ടായതിൽനിന്ന് 60,000 ജീവനക്കാർ കുറഞ്ഞു. 25 ശതമാനം പേർക്ക് സ്ഥിരനിയമനം നഷ്ടപ്പെട്ടു. സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിൽപോലും കരാർ നിയമനമായതായി എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷൻ (ബി.ഇ.എഫ്.ഐ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷമായി നാമമാത്ര നിയമനമാണ് നടന്നത്. തുച്ഛവേതനത്തിൽ താൽക്കാലിക കരാർ ജീവനക്കാർക്കും അപ്രന്റിസുകൾക്കും മാത്രമായി നിയമനം. ബാങ്കിലെ ജോലികൾ ഔട്ട്സോഴ്സ് ചെയ്തുതുടങ്ങി. വായ്പാചുമതലപോലും കോർപറേറ്റ് ഭീമന്മാർക്ക് കൈമാറി. ബാങ്കിന്റെ കീഴിൽ 24 പ്രൈവറ്റ് ലിമിറ്റഡ് സബ്സിഡിയറി കമ്പനികൾ രൂപവത്കരിച്ചു. രാജ്യത്തിന് പുറത്തുള്ളവയും പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളാക്കി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.
എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷൻ നാലാം ദേശീയ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. പാലക്കാട് എൻ.ജി.ഒ യൂനിയൻ ഹാളിൽ ശനിയാഴ്ച ഉച്ചക്ക് 2.30ന് എൻ.എൻ. കൃഷ്ണദാസ് സെമിനാർ ഉദ്ഘാടനം ചെയ്യും. 27ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ദേശീയ വൈസ് പ്രസിഡന്റ് സജി വർഗീസ്, എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് അമൽ രവി, ജനറൽ സെക്രട്ടറി സി. ജയരാജ്, ബി.ഇ.എഫ്.ഐ ജില്ല സെക്രട്ടറി എ. രാമദാസ്, എ. ശ്രീനിവാസൻ, എസ്. കുമാരൻ, എ.കെ. മിനിജ, കെ. ശോഭന, കെ. മോഹൻദാസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.