കുടുംബശ്രീക്ക് 25; തലയെടുപ്പോടെ പെൺപട
text_fieldsപാലക്കാട്: കേരളത്തിൽ സ്ത്രീശാക്തീകരണത്തിന് അടിത്തറയിടുകയും അവരെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയും ചെയ്ത കുടുംബശ്രീ പ്രസ്ഥാനം കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നു. സ്വയംതൊഴിൽ സംരംഭങ്ങളുമായി തുടക്കം കുറിച്ച കൂട്ടായ്മ, സ്ത്രീ ജീവിതത്തിന്റെ സമസ്തമേഖലയേയും സ്പർശിക്കുന്ന ജനകീയ പ്രസ്ഥാനമായി രൂപപ്പെട്ടു. ദാരിദ്ര്യ ലഘൂകരണത്തിനുള്ള സമ്പാദ്യ വായ്പാ പദ്ധതികളും സോപ്പും പേപ്പർബാഗും മുതൽ കാറ്ററിങ് സർവിസും ജനകീയ ഹോട്ടലുകളും ഡ്രൈവിങ് പരിശീലന ക്ലാസുകളും തുടങ്ങി തയ്യൽ പരീശീലനം മുതൽ വസ്ത്രനിർമാണം വരെ എണ്ണിയാൽ തീരാത്ത സാധ്യതകളാണ് സ്ത്രീകൾക്ക് മുന്നിൽ തുറന്നിട്ടത്.
ദാരിദ്ര്യ ലഘൂകരണത്തിനായി സ്ത്രീകൾക്ക് വായ്പാ സൗകര്യം ലഭ്യമാക്കുക എന്ന ആശയത്തിൽ പ്രവർത്തനമാരംഭിച്ച കുടുംബശ്രീയിൽ ഇന്ന് ലക്ഷക്കണക്കിന് മഹിളകൾ അംഗങ്ങളാണ്. 25 വർഷങ്ങൾ പിന്നിടുമ്പോൾ ലോകം ചർച്ച ചെയ്യുന്ന, ജന ജീവിതത്തെ സ്വാധീനിക്കുന്ന വലിയൊരു ജനകീയ പ്രസ്ഥാനമായി രൂപാന്തരപ്പെട്ടു. 250ഓളം പ്രോഗ്രാമുകൾ കൈകാര്യം ചെയ്യുന്ന വലിയൊരു ദാരിദ്ര്യ നിർമാർജന മിഷൻ ആണ് ഇന്ന് കുടുംബശ്രീ.
പ്രതിസന്ധികളോടു പൊരുതി തുടക്കം
മലപ്പുറം ജില്ലയിലാണ് കുടുംബശ്രീ രൂപം കൊണ്ടത്. 1997-98 കാലയളവിൽ അന്നത്തെ എൽ.ഡി.എഫ് സർക്കാർ ദാരിദ്ര്യ നിർമാർജ്ജന മിഷൻ എന്ന നിലയിലാണ് കുടുംബശ്രീയുടെ രൂപവത്കരണം പ്രഖ്യാപിച്ചത്. 1998 മേയ് 17ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയി മലപ്പുറത്ത് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
1999 ഏപ്രിൽ ഒന്നിനാണ് മിഷൻ പ്രവർത്തനം തുടങ്ങിയത്. സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതവും കേന്ദ്ര സർക്കാരിന്റെ സ്വർണ്ണ ജയന്തി ഷെഹരി റോസ്ഗാർ ജന പദ്ധതിയുമായി സഹകരിച്ച് ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്.
2000 ജൂണോടെ ഒന്നാം ഘട്ടമായി 262 ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തനം ആരംഭിച്ചു. 2002 മാർച്ചിൽ കേരളം മുഴുവൻ വ്യാപിപ്പിച്ചു. അയൽക്കൂട്ടങ്ങളുണ്ടാക്കിയായിരുന്നു മുന്നേറ്റം. പഞ്ചായത്തിലെയും നഗരസഭയിലെയും ദാരിദ്ര്യ രേഖക്കുതാഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളാണ് അംഗങ്ങൾ.
ക്രമാനുഗത വളര്ച്ച
പിന്നാക്കപ്രദേശങ്ങൾ ഉൾകൊള്ളുന്ന പാലക്കാട് ജില്ലയിൽ സ്ത്രീമുന്നേറ്റത്തിൽ കുടുംബശ്രീ വഹിച്ച പങ്ക് വളരെ വലുതാണ്. പ്രതിബന്ധങ്ങൾ തരണംചെയ്ത് 2002ഓടുകൂടി എല്ലാ പഞ്ചായത്തുകളിലും അയൽക്കൂട്ടങ്ങൾ രൂപീകൃതമായി. അട്ടപ്പാടി ആദിവാസി മേഖല കേന്ദ്രീകരിച്ച് പ്രത്യേക മിഷനും നിലവിൽ വന്നു. ഇന്ന് ജില്ല മിഷനു കീഴിൽ 13 േബ്ലാക്കുകളിലായി 97 സി.ഡി.എസുകളും 1725 എ.ഡി.എസുകളും 30364 അയൽക്കൂട്ടങ്ങളും പ്രവർത്തിക്കുന്നു. ഓക്സിലറി ഗ്രൂപ്പുകൾ 1734. ഇവയിലെ അംഗങ്ങൾ 44237. കുടുംബശ്രീക്ക് കീഴിൽ 1329 സൂക്ഷ്മ സംരംഭങ്ങളും 2305 സംരംഭകരും ജില്ലയിലുണ്ട്. അംഗൻവാടികളിലെ അമൃതം ഫുഡ് സപ്ലിമെന്റ് മികച്ച സംരംഭക മാതൃകകളാണ്. ഈ രംഗത്ത് മാത്രം 19 ഉൽപാദക ഗ്രൂപ്പുകളും 142 സ്ത്രീ സംരംഭകരുമുണ്ട്.
സംഘകൃഷിയിലൂടെ ജില്ലയിലെ മഹിളകൾ സൃഷ്ടിച്ചെടുത്തത് വലിയ നേട്ടങ്ങളാണ്. 3819 സംഘകൃഷി ഗ്രൂപ്പുകൾ 565 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നു. വനിത കർഷകരുടെ എണ്ണം 15319. 40ലേറെ മൂല്യവർധിത യൂനിറ്റുകളും അഗ്രി ബിസിനസ് വെഞ്ച്വറുകളും പ്രവർത്തിക്കുന്നു. ജൈവിക പ്ലാന്റ് നഴ്സറി -28, ബയോ ഫാർമസി -ഏഴ് എന്നിങ്ങനെയാണ് ഈ രംഗത്തെ ചുവടുവെപ്പുകൾ.
മൃഗസംരക്ഷണ മേഖലയിൽ 367 ക്ഷീരസാഗരം യൂനിറ്റുകളും 96 ആടു ഗ്രാമങ്ങളും ജില്ലയിലുണ്ട്. മുട്ടക്കോഴി, കാട, മുയൽ, പോത്തുകുട്ടി വളർത്തൽ യൂനിറ്റുകളും അലങ്കാര മത്സ്യ യൂനിറ്റുകളും പ്രവർത്തിക്കുന്നു. 42 കേരള ചിക്കൻ ഫാമുകളും മൂന്ന് ചിക്കൻ ഔട്ട് ലെറ്റുകളും ജില്ലയിലുണ്ട്. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി പ്രവർത്തിക്കുന്ന 29 ബഡ്സ് സ്കൂളുകളിൽ സ്വയംതൊഴിൽ പരിശീലനം, കൗൺസലിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.
ജനകീയ ഹോട്ടലുകൾ വഴി സ്ഥിരവരുമാനം
കുടുംബശ്രീ ജില്ലയിൽ 87 ഗ്രാമീണ ഹോട്ടലുകളും ഏഴ് നഗര ഹോട്ടലുകളും 94 ജനകീയ ഹോട്ടലുകളും നടത്തുന്നു. ഇതുവഴി സ്ഥിരവരുമാനം ലഭിക്കുന്നത് 437 കുടുംബശ്രീ അംഗങ്ങൾക്ക്. പട്ടികവർഗ ഊരുകളിൽ യുവജനങ്ങൾക്കായി യൂത്ത് ക്ലബുകളും പഠന പിന്നാക്കാവസ്ഥ പരിഹരിക്കാൻ ബ്രിഡ്ജ് കോഴ്സുകളും നടത്തിവരുന്നു. അട്ടപ്പാടിയിലെ ഊരുകളിൽ നടപ്പാക്കിയ കമ്യൂണിറ്റി കിച്ചൺ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പോഷകാഹാരക്കുറവ് പരിഹരിക്കാൻ ഉതകുന്നതായിരുന്നു. അഗതി രഹിത കേരളം പദ്ധതിക്ക് കീഴിൽ ജില്ലയിൽ 6443 ഗുണഭോക്താക്കളുണ്ട്. ഹരിതകർമസേനയുടെ ഭാഗമായി പ്രവർത്തിക്കുന്നത് 2800 പേർ. ദേശീയ ഗ്രാമീണ ഉപജീവന മിഷൻ പദ്ധതികൾ കുടുംബശ്രീ പിന്തുണയോടെയാണ് നടപ്പിലാക്കുന്നത്. ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി സി.ഡി.എസ് കേന്ദ്രീകരിച്ച് വനിത തൊഴിൽ അന്വേഷകരെ സഹായിക്കാൻ കമ്യൂണിറ്റി അംബാസഡർമാർ പ്രവർത്തിക്കുന്നു.
2409 ബാലസഭകൾ
അയൽക്കൂട്ടതലത്തിൽ കുട്ടികളുടെ കൂട്ടായ്മയായ 2409 ബാലസഭകളും ഇവക്കുകീഴിൽ 33,622 അംഗങ്ങളും ജില്ലയിലുണ്ട്. അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളെ സഹായിക്കാൻ കുടുംബശ്രീക്ക് കീഴിൽ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിച്ചുവരുന്നു. നിലവിൽ കുടുംബശ്രീ ജില്ല മിഷനു നേതൃത്വം നൽകുന്നത് കെ.കെ. ചന്ദ്രദാസൻ ആണ്. അട്ടപ്പാടിയിലെ ട്രൈബൽ മിഷന്റെ നേതൃത്വം ബി.എസ്. മനോജ്കുമാറിനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.