പാലക്കാട് ജില്ലയിൽ 29 ശതമാനം മഴക്കുറവ്
text_fieldsപാലക്കാട്: മിഥുനം പിറന്നിട്ടും പെയ്യാൻ മടിച്ച് മഴമേഘങ്ങൾ. ജില്ലയിൽ ജൂൺ ഒന്ന് മുതൽ 16 വരെ പെയ്തത് 145 മില്ലി മീറ്റർ മഴയാണ്. സാധാരണഗതിയിൽ ഇക്കാലയളവിൽ പെയ്യേണ്ടിയിരുന്നത് 205.2 മി.മീ മഴയാണ്. 29 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുപ്രകാരമാണിത്. ജൂൺ ആദ്യവാരം മൂന്നുശതമാനം അധികം മഴ പെയ്തിരുന്നു. എന്നാൽ, പിന്നീടങ്ങോട്ട് മഴ കുറഞ്ഞു. വേനൽക്കാലം പോലെയാണ് നിലവിൽ ചൂട് അനുഭവപ്പെടുന്നത്. ഇടക്കിടെ മഴമേഘങ്ങൾ തെളിയുമെങ്കിലും പെയ്യുന്നില്ല. കേരളത്തിലാകെ ഈ കാലയളവിൽ 57 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 320.3 മി.മീ. മഴ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് പെയ്തത് 185.1 മി.മീ. മഴയാണ്. മഴക്കുറവ് ഡാമുകളിലെ ജലനിരപ്പിനെയും ബാധിക്കും. ജില്ലയിലെ പ്രധാന ഡാമായ മലമ്പുഴയിൽ 103.30 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ജലനിരപ്പ് വർധിച്ചില്ലെങ്കിൽ ഡാമിൽനിന്നുള്ള കുടിവെള്ള വിതരണത്തെയും ജലസേചനത്തെയും പ്രതികൂലമായി ബാധിക്കും.
ജില്ലകൾ, മഴ ലഭിച്ചത്, ലഭിക്കേണ്ടിയിരുന്നത് എന്ന ക്രമത്തിൽ: ആലപ്പുഴ-131.4 മി.മീ.(309 മി.മീ.), കണ്ണൂർ-249.6 മി.മീ. (413 മി.മീ.), എറണാകുളം-188.7 മി.മീ.(367.3 മി.മീ.), ഇടുക്കി-157.5 മി.മീ.(336.9 മി.മീ.), കാസർകോട്-283.3 മി.മീ.(469 മി.മീ.), കൊല്ലം-98.2 മി.മീ.(240.5 മി.മീ.), കോട്ടയം-233.6 മി.മീ.(346.7 മി.മീ.), കോഴിക്കോട്-247.9 മി.മീ.(448.4 മി.മീ.), മലപ്പുറം-197 മി.മീ.(296.2 മി.മീ.), പത്തനംതിട്ട-138.4 മി.മീ.(267 മി.മീ.), തിരുവനന്തപുരം-95.5 മി.മീ.(193.6 മി.മീ.), തൃശൂർ-279.8 മി.മീ.(378.9 മി.മീ.), വയനാട്-158.4 മി.മീ.(282.4 മി.മീ.) എന്നിങ്ങനെയാണ് ഇതുവരെ ലഭിച്ച മഴയുടെ അളവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.