മണ്ണൂരിൽ 55 ഏക്കർ നെൽകൃഷി വെള്ളത്തിൽ
text_fieldsമണ്ണൂർ: തോരാതെ പെയ്ത മഴയിൽ മണ്ണൂർ കുണ്ടുകാവ് പാടശേഖരത്തിലെ പൊടിവിത നടത്തിയ 55 ഏക്കർ നെൽകൃഷി പൂർണമായി വെള്ളം മൂടി നാശത്തിലായി. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായിട്ടാണ് പാടശേഖരത്തിലെ 40ഓളം കർഷകർ ചേർന്ന് കൃഷിയിറക്കിയത്.
പൊടി വിതക്കൊപ്പം വളത്തിനായി പയർ വിത്തും ഇറക്കിയിരുന്നു. എന്നാൽ, ഇവ രണ്ടും മുള പൊന്തിയെങ്കിലും രണ്ടു ദിവസത്തെ മഴ മൂലം കൃഷി ചെയ്ത മുഴുവൻ നെൽപാടങ്ങളും വെള്ളം മൂടുകയുംചെയ്തു.
24 മണിക്കൂർ ഇനിയും മഴ തുടർന്നാൽ 55 ഏക്കർ നെൽകൃഷി പൂർണമായും അളിഞ്ഞ് നശിക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ട്രാക്ടർ ഉപയോഗിച്ച് 55 ഏക്കർ പൊടി വിത കൃഷിയിറക്കിയത്. ഒരു ഏക്കറിന് 10,000 രൂപ ചെലവ് വന്നതായി പാടശേഖര സമിതി സെക്രട്ടറി എൻ.ആർ. കുട്ടികൃഷ്ണൻ പറഞ്ഞു. അഞ്ചു ലക്ഷത്തോളം രൂപയാണ് ചെലവായത്. സമിതി പ്രസിഡൻറ് ശിവദാസെൻറ അഞ്ച് ഏക്കർ കൃഷിയും വെള്ളത്തിൽ മുങ്ങി.
തേക്കിൻകാട് നാണിക്കുട്ടിയുടെ മൂന്നര ഏക്കർ വെള്ളത്തിൽ മുങ്ങി. എൻ.ആർ കുട്ടികൃഷ്ണൻ, അബ്ദുൽ റഹിമാൻ, പാലക്കപറമ്പിൽ മോഹനൻ തുടങ്ങിയ 40ലേറെ കർഷകരുടെ കൃഷിയാണ് വെള്ളത്തിൽ മുങ്ങി നശിച്ചത്. ഇനി രണ്ടാമത് കൃഷിയിറക്കേണ്ടി വന്നാൽ വിത്ത് പോലും കർഷകരുടെ കൈയിലില്ലെന്നും കർഷകർക്ക് സർക്കാർ അടിയന്തര സഹായം അനുവദിക്കണമെന്നും പാടശേഖര സമിതി സെക്രട്ടറി എൻ.ആർ. കുട്ടികൃഷ്ണൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.