58 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി
text_fieldsപാലക്കാട്: ജില്ലയില്‍ ഇതുവരെ 58 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയതായി ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര ‘ആര്‍ദ്രം മിഷന്’ അവലോകന യോഗത്തില്‍ അറിയിച്ചു. ആര്‍ദ്രം മിഷന്റെ ആദ്യഘട്ടത്തില്‍ ജില്ലയില്‍ 16 പ്രാഥമികാരോഗ്യകേന്ദ്രങ്ങളും രണ്ടാം ഘട്ടത്തില്‍ 42 പ്രാഥമികാരോഗ്യകേന്ദ്രങ്ങളുമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്. മൂന്നാം ഘട്ടത്തില്‍ 18 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. ഇതില്‍ ഒമ്പതെണ്ണത്തിന്റെ പ്രവൃത്തികള്‍ ആരംഭിച്ചു.
10 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചു. അഞ്ചെണ്ണത്തിന്റെ ഡി.പി.ആര് നടന്നുവരികയാണ്. നടപ്പു സാമ്പത്തിക വര്‍ഷ ബജറ്റില്‍ ഉള്‍പ്പെടുത്തി അനങ്ങനടി, മേലാര്‍കോട്, കോട്ടപ്പുറം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണവും നടക്കും. ഇതില്‍ മേലാര്‍കോട്, കോട്ടപ്പുറം എന്നിവിടങ്ങളില്‍ നിര്‍മാണം തുടങ്ങി.
ജില്ലയില്‍ ആദ്യഘട്ടത്തില്‍ 60 ആരോഗ്യ ഉപകേന്ദ്രങ്ങളെയാണ് കൂടുതല്‍ ചികിത്സാസൗകര്യങ്ങളൊരുക്കി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളാക്കുന്നത്. ഇതില്‍ 49 എണ്ണത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തില്‍ 73 ഉപകേന്ദ്രങ്ങളെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററായി ഉയര്‍ത്തും. എന്‍.എച്ച്.എം ജില്ല നിര്‍മ്മിതി കേന്ദ്രം വഴി ഓരോ സെന്ററിലും ഏഴ് ലക്ഷം രൂപയിലാണ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളുടെ നിര്‍മാണം നടക്കുന്നത്.
ജില്ലയില്‍ എല്ലാ ബ്ലോക്കുകളിലും ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പുകള്‍ നടത്തണം. നിലവില്‍ മലമ്പുഴയില്‍ ക്യാമ്പ് പൂര്‍ത്തിയായി. ശൈലി ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകണമെന്നും 30 വയസിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങള്‍ സംബന്ധിച്ച് ആശാ പ്രവര്‍ത്തകര്‍ മുഖേന വീടുകള്‍ സന്ദര്‍ശിച്ച് സര്‍വേ പൂര്‍ത്തിയാക്കണമെന്നും കലക്ടര്‍ പറഞ്ഞു. അട്ടപ്പാടിയില്‍ അരിവാൾ രോഗനിര്‍ണയം പൂര്‍ത്തിയാക്കണം.
കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ആര്. വിദ്യ, നവകേരളം ജില്ല മിഷന് കോഓഡിനേറ്റര്‍ പി. സെയ്തലവി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. കെ.ടി. പ്രേമകുമാര്‍, ആര്‍ദ്രം മിഷന് നോഡല്‍ ഓഫിസര്‍ ഡോ. അനൂപ്, നാഷണല്‍ ഹെല്‍ത്ത് മിഷന് ജില്ല പ്രോഗ്രാം മാനേജര്‍ ടി.വി. റോഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഏജന്‍സികള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.