ഊട്ടറയിൽ പുഴപ്പാലത്തിനും റെയിൽ മേൽപാലത്തിനും ഭൂമിക്കായി 6.85 കോടി കൈമാറി
text_fieldsവടവന്നൂർ: ഊട്ടറയിൽ പുഴപ്പാലത്തിനും റെയിൽവേ മേൽപാലത്തിനും ഭൂമിക്കായി 6,85,17,667 രൂപ നഷ്ടപരിഹാര തുക കൈമാറി. രണ്ട് പാലങ്ങളുടെ നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാനും കെട്ടിടങ്ങൾ പൊളിക്കാനുമാണ് അമ്പതുപേർക്ക് നഷ്ടപരിഹാര തുക കൈമാറിയത്. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസുകളിലും അഞ്ച് കുടുംബങ്ങൾക്ക് 52,42,135 രൂപ കോടതിയിൽ കെട്ടിവെച്ചു. ഏറ്റെടുത്ത സ്ഥലങ്ങളുടെ ഫയൽ നടപടി പൂർത്തിയായാൽ പാലങ്ങളുടെ കരാർ നടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ പറഞ്ഞു.
വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിൽ 7.5 മീറ്റർ വീതിയിൽ പ്രധാന പാതയുണ്ടാവും. പുതിയ പാലത്തിനിരുവശവും കാൽനടക്കാർക്കായി ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുണ്ടാകും. നടപ്പാതയുൾപ്പെടെ 11 മീറ്റർ വീതിയിൽ പുതിയ പാലം നിർമിക്കാനുള്ള ഡിസൈനാണ് അന്തിമ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഊട്ടറ ഗായത്രി പുഴ പാലത്തിലെ വിള്ളലിനെ തുടർന്ന് 2023 ജനുവരി എട്ടിന് അടച്ചിടുകയും അറ്റകുറ്റ പണികൾ നടത്തുകയും ചെയ്തു. ഭാരം കൂടുതലുള്ള വാഹനങ്ങൾ ഒഴിവാക്കാൻ മൂന്ന് മീറ്റർ ഉയരത്തിൽ ട്രാഫിക് ബാരിയർ സ്ഥാപിച്ചെങ്കിലും ചരക്കു ലോറികൾ പലതവണ ഇടിച്ചു തകർത്തതിനാൽ ഇപ്പോൾ പാലം തുറന്നു കിടക്കുകയാണ്. ബലക്ഷയ ഭീഷണിയുള്ള പാലത്തിലൂടെ 30-40 ടൺ ഭാരം കയറ്റിയ ലോറികൾ ഇപ്പോഴും പോകുന്നുണ്ട്. ഇനിയൊരു പ്രശ്നം ഉണ്ടാകും മുമ്പ് പുതിയ പാലത്തിന്റെ നിർമാണം പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഊട്ടറ റെയിൽവേ ലെവൽ ക്രോസിൽ ആംബുലൻസ് ഇടക്കിടെ കുടുങ്ങുന്നതിനാൽ രണ്ട് പാലവും നിർമിക്കാൻ ഉടൻ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.