87കാരിയുടെ പരാതി; മരുമകളും കുടുംബവും താമസം മാറാൻ ഉത്തരവ്
text_fieldsഒറ്റപ്പാലം: ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നെന്ന കയില്യാട് സ്വദേശിനിയായ 87കാരിയുടെ പരാതിയിൽ ഒപ്പം കഴിയുന്ന മരുമകളും അവരുടെ മക്കളും അടങ്ങിയ കുടുംബത്തോട് 30 ദിവസത്തിനകം തറവാട്ടിൽനിന്ന് താമസം മാറ്റാൻ ഒറ്റപ്പാലം മെയിന്റനൻസ് ൈട്രബ്യൂണൽ ഉത്തരവ്. 2007ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമമനുസരിച്ചാണ് സബ് ഡിവിഷനൽ മജിസ്ട്രേറ്റുകൂടിയായ ഒറ്റപ്പാലം സബ് കലക്ടർ ഡി. ധർമലശ്രീയുടെ ഉത്തരവ്. താമസം മാറ്റുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം കൃത്യനിർവഹണത്തിന് ഷൊർണൂർ പൊലീസ് ഹൗസ് ഓഫിസർക്ക് നിർദേശം നൽകി.
വയോധികയുടെ മൂന്ന് ആൺമക്കളിൽ ഇളയവൻ 10 വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. സർക്കാർ ജോലിയിലായിരുന്ന മകന്റെ ആശ്രിതനിയമനത്തിൽ അദ്ദേഹത്തിന്റെ ഭാര്യക്ക് ജോലി ലഭിച്ചിട്ടുണ്ട്. ഇവരുടെ ശമ്പളത്തിൽനിന്ന് 3000 രൂപ ജീവനാംശമായി ഏപ്രിൽ മുതൽ പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ സ്ഥാപന മേധാവിക്ക് നിർദേശം നൽകി. മരുമകളിൽനിന്ന് ശാരീരികവും മാനസികവുമായ പീഡനമുണ്ടെന്നും ഭക്ഷണം ശരിയാംവണ്ണം നൽകുന്നില്ലെന്നും ഉൾെപ്പടെ 2018 മുതൽ വയോധികക്ക് പരാതിയുണ്ട്. അധികൃതർ നിരവധി തവണ മരുമകളെ വിളിച്ചുവരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു. കഴിഞ്ഞ 16ന് സബ് കലക്ടർ ഇവരുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ പരാതിക്കാരിയുടെ ആരോപണങ്ങൾ ശരിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പരാതിക്കാരിക്ക് മനഃസമാധാനത്തോടെ മരണം വരെ ജീവിക്കാൻ മരുമകളും കുടുംബവും മാറിത്താമസിക്കണമെന്നും പെൻഷനും ശമ്പളവും ലഭിക്കുന്നതിനാൽ ഇതിന് ബുദ്ധിമുട്ടില്ലെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി ഉത്തരവിൽ പറയുന്നു. മൂത്തമകൻ നിത്യേന പരാതിക്കാരിയുടെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിക്കണം. രണ്ടാമത്തെ മകൻ വിദേശത്തായതിനാൽ ഇദ്ദേഹത്തിന്റെ ഭാര്യ മൂന്നുനേരം കൃത്യമായി വൃത്തിയോടെ നല്ലരീതിയിൽ ഭക്ഷണം വീട്ടിലെത്തിക്കണമെന്നും ആവശ്യമായ സഹായസഹകരണങ്ങൾ ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.