മരക്കൊമ്പ് പൊട്ടിവീണ് ഗതാഗത തടസ്സം
text_fieldsകൂറ്റനാട്: സംസ്ഥാനപാതയിലെ പെരുമ്പിലാവ്-പട്ടാമ്പി റോഡില്‍ ചാലിശ്ശേരി മെയിന്‍ റോഡ് കദീജ മന്‍സിൽ ബസ് സ്റ്റോപ്പിന് സമീപം വലിയ പാലമരത്തിന്റെ വലിയ കൊമ്പ് റോഡിലേക്ക് ഒടിഞ്ഞുവീണു. ഞായറാഴ്ച രാവിലെ ഏഴിനാണ് സംഭവം. വലിയ മരത്തിന്റെ കേടുവന്ന വലിയ കൊമ്പാണ് റോഡിലേക്ക് വീണത്. വീഴുന്നതിന് മിനിറ്റുകള്‍ വ്യത്യാസത്തിലാണ് വന്‍ അപകടം ഒഴിവായത്.
ഇതുവഴി കെ.എസ്.ആര്.ടി.സി ബസ് ഉള്‍പ്പെടെ വാഹനങ്ങള്‍ കടന്നുപോയിരുന്നു. ഉടൻ വ്യാപാരികളും പ്രദേശവാസികളും റോഡിലേക്കുള്ള കൊമ്പുകള്‍ താല്‍ക്കാലികമായി മുറിച്ചുമാറ്റി. പട്ടാമ്പി അഗ്നിരക്ഷ സേന എത്തി ജെ.സി.ബി ഉപയോഗിച്ച് കൊമ്പുകള്‍ മുറിച്ചുമാറ്റി.
ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. പൊട്ടിയ മരത്തിന്റെ വലിയ മൂന്ന് ശിഖരങ്ങളും സമീപത്തെ മറ്റു വലിയ മരങ്ങളുടെ ശിഖരങ്ങളും വീടുകള്‍ക്കും റോഡിനും ഭീഷണിയായി ചാഞ്ഞുനില്ക്കുന്നുണ്ട്. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും അടിയന്തരമായി ശിഖരങ്ങള്‍ മുറിച്ചുമാറ്റണമെന്നും പ്രദേശവാസികള്‍ പറഞ്ഞു. പട്ടാമ്പി ഫയര്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ. മുരളീധരന്, ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വൈ. മുഹമ്മദ് ബഷീര്‍, ആര്. വിജയന്, എസ്. ഷഹദാസ്, ഹോംഗാർഡുമാരായ കെ.കെ. ഷിബുകുമാര്‍, എ. സത്യന് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.