കൊടുവായൂരിൽ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ അഗ്നിബാധ
text_fields കൊടുവായൂർ: മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ അഗ്നിബാധ. മൂന്ന് അഗ്നിരക്ഷ സേന യൂനിറ്റുകൾ ആറ് മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. പാലക്കാട് റോഡ് മറിയൻ കോളജിന് പിറകിലെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് ഞായറാഴ്ച ഉച്ചക്ക് മൂന്നരയോടെ തീപിടിത്തമുണ്ടായത്. ഹരിത കർമസേന വേർതിരിച്ച് സംഭരിച്ച മാലിന്യമാണ് അഗ്നിക്കിരയായത്. അജ്ഞാതർ തീവെച്ചതാകാമെന്ന് നാട്ടുകാർ പറഞ്ഞു.
വൻ ശബ്ദത്തോടെ 25 മീറ്ററിലധികം ഉയർന്ന തീഗോളങ്ങൾ മൂന്നു കിലോമീറ്ററിനപ്പുറത്തും ദൃശ്യമായി. ചിറ്റൂർ, കൊല്ലങ്കോട്, പാലക്കാട് എന്നീ അഗ്നിരക്ഷാസേനയിലെ ആറ് യൂനിറ്റുകൾ ആറ് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരിസരവാസികൾക്കും വാഹനയാത്രികർക്കും പ്ലാസ്റ്റിക് കത്തിയ പുക ശ്വസിച്ച് ശാരീരിക അസ്വസ്ഥതയുണ്ടായി. നാട്ടുകാരും അഗ്നിശമന സേനയും സമയോചിതമായി ഇടപെട്ടതിനാൽ പരിസരങ്ങളിലെ വീടുകളിലേക്കും പറമ്പുകളിലേക്കും തീ പടരാതെ സംരക്ഷിക്കാനായി.
ഹരിതകർമസേന തരംതിരിച്ച മാലിന്യങ്ങളിൽ ഉപയോഗശൂന്യമായതാണ് കൊടുവായൂർ ശ്മശാനത്തിനടുത്ത സംഭരണ കേന്ദ്രത്തിൽ സൂക്ഷിച്ചതെന്ന് കൊടുവായൂർ പഞ്ചായത്ത് സെക്രട്ടറി പി.എൽ. വിനു പറഞ്ഞു. കൊല്ലങ്കോട് സ്റ്റേഷൻ ഓഫിസർ ആർ. രമേശ്, മുതലമട സ്റ്റേഷൻ ഓഫിസർ എ. സത്യപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.