സ്കൂളുകൾക്ക് മുന്നിൽ സീബ്രലൈൻ കാണാൻ ഭൂതകണ്ണാടി വേണം
text_fieldsപാലക്കാട്: അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്കൂളുകൾക്ക് മുന്നിൽ സുരക്ഷ സംവിധാനങ്ങളില്ലാത്തത് വിദ്യാർഥികളെ ദുരിതത്തിലാക്കുന്നു. ജില്ലയിലെ മിക്ക സ്കൂളുകൾക്ക് മുന്നിലും സീബ്ര വരകളോ സ്പീഡ് ബ്രക്കറുകളോ ഇല്ല. വർഷങ്ങൾക്കുമുമ്പ് വരച്ച സീബ്രലൈൻ കാണണമെങ്കിൽ ഭൂതകണ്ണാടി വേണമെന്നാണ് അവസ്ഥ.
ഓരോ അധ്യയനവർഷം തുടങ്ങുമ്പോഴും സ്കൂളുകളിലെ സംവിധാനങ്ങളെപ്പറ്റിയും സ്കൂൾ ബസുകളുടെ പരിശോധനകളുമൊക്കെ നടത്തുമ്പോൾ സ്കൂളുകൾക്കു മുന്നിലെ സുരക്ഷ സംവിധാനത്തെപ്പറ്റി അധികൃതർ ബോധവാന്മാരല്ല. ചില സ്കൂളുകൾക്കു മുന്നിൽ മാത്രം പേരിനു പൊലീസ് സംവിധാനമുള്ളതൊഴിച്ചാൽ മറ്റുള്ളിടത്തെല്ലാം സ്ഥിതി ഗുരുതരമാണ്. നഗരമധ്യത്തിൽ ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ബി.ഇ.എം ഹൈസ്കൂളിനു മുന്നിലെ സീബ്ര വര പാടേ മാഞ്ഞ നിലയിലാണ്.
ഇവിടെ കാൽനടമേൽപ്പാലമുണ്ടായിട്ടും ഉയരക്കൂടുതൽ കാരണം പലരും ഉപേക്ഷിച്ച മട്ടാണ്. എന്നാൽ, സമീപത്തെ റോബിൻസൺ റോഡിലുള്ള ചെറിയ മിഷൻ സ്കൂളിന് മുന്നിലാകട്ടെ സീബ്രാ വരകൾ പോലുമില്ലാത്ത സ്ഥിതിയാണ്. ഇവിടെ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിലായി നൂറുക്കണക്കിന് കുരുന്നു വിദ്യാർഥികളാണ് പഠിക്കുന്നത്. മിഷൻ ഹൈസ്കൂളിനുമുന്നിൽ പൊലീസ് സേവനമുള്ളപ്പോൾ ചെറിയ മിഷൻ സ്കൂൾ പരിസരത്ത് കാലമേറെയായിട്ടും പൊലീസ് സേവനമില്ലാത്ത സ്ഥിതിയാണ്.
ഇതുമൂലം കുരുന്നു വിദ്യാർഥികൾക്ക് റോഡുമുറിച്ചു കടക്കാൻ പരസഹായം വേണമെന്ന സ്ഥിതിയാണ്. പൂടൂർ റൂട്ടിലും അത്താലൂർ, പുളിയപ്പറമ്പ് മേഖലകളിലും വിദ്യാർഥികൾക്ക് സുരക്ഷിതത്വമില്ലാത്ത സ്ഥിതിയാണ്. ഏറെ ഗതാഗത തിരക്കുള്ള പാലക്കാട്-കുളപ്പുള്ളി റൂട്ടിലും സ്ഥിതി വ്യത്യസ്തമല്ല. പി.എം.ജി, മോയൻ സ്കൂൾ എന്നിവിടങ്ങളിലൊക്കെ സ്കൂൾ സമയങ്ങളിൽ പൊലീസുകാർ ഡ്യൂട്ടിയിലുമുണ്ടാവും.
എന്നാൽ, ഗ്രാമീണ മേഖലകളിലെ സ്കൂളുകൾക്ക് മുന്നിൽ റോഡിൽ സീബ്രാ വരകളോ സ്പീഡ് ബ്രക്കറുകളോ ഇല്ലാത്തതും ഇവിടങ്ങളിലൊക്കെ പൊലീസ് സേവനം ഇല്ലാത്തതിനാലും സ്കൂൾ സമയങ്ങളിൽ വിദ്യാർഥികൾക്ക് ദുരിതമേറെയാണ്. സ്കൂൾ തുടങ്ങുമ്പോഴും വിടുമ്പോഴുമെല്ലാം വിദ്യാർഥികളുടെയും സ്കൂൾ വാഹനങ്ങളുടെയും തിരക്കുനിയന്ത്രണാതീതമായതിനാൽ ഇത്തരം സന്ദർഭങ്ങളിൽ പൊലീസ് സേവനം അത്യാന്താപേക്ഷിതമാണ്.
ഓരോ അധ്യയനവർഷവും സർക്കാർ-സ്വകാര്യ തലങ്ങളിലെ വിദ്യാഭ്യാസ മേഖലകളിൽ കോടികൾ ചെലവിടുമ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മുന്നിലെ സുരക്ഷാ സംവിധാനങ്ങൾ കടലാസിലൊതുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.