ഭീതിക്കറുതി വരുമോ; കാട്ടാനയെ തളക്കാൻ വിദഗ്ധ സംഘം എത്തി
text_fieldsപാലക്കാട്: ധോണിയില്‍ പ്രഭാത നടത്തിനിറങ്ങിയ വയോധികനെ ചവിട്ടിക്കൊന്ന പാലക്കാട് ടസ്കര്‍-7 എന്ന കാട്ടാനയെ മയക്കുവെടി വെച്ച് തളക്കാനുള്ള വിദഗ്ധ സംഘം പാലക്കാടെത്തി. വയനാട്ടില്‍ നിന്നുള്ള നാലംഗ സംഘമാണ് പാലക്കാടെത്തിയത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പാലക്കാട് ടസ്കർ-7 നെ മയക്കുവെടിവെച്ച് പിടികൂടാന്‍ വനംവകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞ ജൂലൈ എട്ടിനാണ് പ്രഭാത സവാരിക്കിറങ്ങിയ വയോധികനെ കാട്ടാന ജനവാസമേഖലയില്‍ വെച്ച് ചവിട്ടിക്കൊന്നത്. ധോണി, അകത്തേത്തറ ഭാഗങ്ങളില്‍ നിരവധി കൃഷി നാശവും ഉണ്ടാക്കി.
കഴിഞ്ഞ ദിവസം കഷ്ടിച്ചാണ് പ്രദേശത്തെ ടാപ്പിങ് തൊഴിലാളി കാട്ടാന ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. തുടർന്ന് സി.പി.എമ്മിന്റെ നേതൃത്വത്തിൽ നാട്ടുകാർ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസ് ഉപരോധിച്ചിരുന്നു. ജനകീയ പ്രതിഷേധം ഉയർന്നുവരുന്നത് കണക്കിലെടുത്താണ് ആനയെ മയക്കുവെടി വെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നിര്‍ദേശം നല്‍കിയത്. തിങ്കളാഴ്ച ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ നിന്നെത്തിയ വിദഗ്ധ സംഘം കാട്ടാനയുടെ സഞ്ചാരപാതയടക്കം നിരീക്ഷിച്ച് വരികയാണ്. മയക്കുവെടിവെച്ച് കൊണ്ടുപോകുക സങ്കീര്‍ണമായ പ്രക്രിയയാണെന്നും, ഇതിനായി ഒരാഴ്ചയോളം സമയമെടുക്കുമെന്നും വിദഗ്ധര്‍ പറഞ്ഞു. മയക്കുവെടി വെച്ച് കുങ്കിയാനയുടെ സഹായത്തോടെ തളച്ച് വയനാട് മുത്തങ്ങ ക്യാമ്പിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.