മാർച്ചിൽ മാത്രം ജില്ലയിൽ 273 അബ്കാരി കേസുകൾ
text_fieldsകൊല്ലങ്കോട്: മാർച്ച് ഒന്നു മുതൽ 31 വരെയുള്ള കാലയളവിൽ മാത്രം 273 അബ്കാരി കേസുകളിലായി 240ഓളം പ്രതികളെ എക്സൈസ് വകുപ്പ് ജില്ലയിൽ അറസ്റ്റ് ചെയ്തു.
1155.75 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, ചാരായം വാറ്റാൻ ഉപയോഗിക്കുന്ന 7096 ലിറ്റർ വാഷ്, 85.5 ലിറ്റർ ചാരായം, 1948 ലിറ്റർ കള്ള്, 52.01 ലിറ്റർ അന്തർ സംസ്ഥാന വിദേശ മദ്യം, 11.05 ലിറ്റർ ബിയർ, 21.6 ലിറ്റർ അരിഷ്ടം എന്നിവ പിടികൂടിയവയിൽ ഉൾപ്പെടും. 37 മയക്കുമരുന്ന് കേസുകളിലായി 45ഓളം പ്രതികളെയും പിടികൂടുകയുണ്ടായി. 15.71 കിലോ കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, രാസ മയക്കുമരുന്നായ മേത്താഫിറ്റമിൻ 136.62 ഗ്രാം, എം.ഡി.എം.എ 1.84 ഗ്രാം എന്നിവയും പിടികൂടി.
398 കോട്പ കേസുകൾ രജിസ്റ്റർ ചെയ്യുകയും 351 കിലോ ഹാൻസും മറ്റു നിരോധിത പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തതായി പാലക്കാട് എക്സൈസ് എൻഫോഴ്സ്മെൻറ് അസി. കമീഷണർ എ. രമേശ് പറഞ്ഞു.
വിവിധ കേസുകളിലായി 10 വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. സംസ്ഥാന തലത്തിൽ തന്നെ അബ്കാരി കേസുകളുടെ എണ്ണത്തിൽ പാലക്കാട് ജില്ല എക്സൈസ് വകുപ്പ് ഒന്നാം സ്ഥാനത്താണ്. ആദ്യമായാണ് ജില്ലയിൽ ഒരു മാസത്തിൽ ഇത്രയും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. ആൻറി നോർകോട്ടിക്സ് സ്പെഷൽ സ്ക്വാഡിെൻറയും അസി. കമീഷണറുടെ നേതൃത്വത്തിലുള്ള സ്പെഷൽ എ.ഇ.സി സ്ക്വാഡിെൻറയും പ്രവർത്തനങ്ങളുടെ ഫലമായാണ് ഇത്രയധികം കേസുകൾ പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു.
കേസുകൾ വർധിച്ചതിനാൽ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എക്സൈസ് വകുപ്പ് കേരള പൊലീസ്, തമിഴ്നാട് പൊലീസ്, വനം വകുപ്പ്, റവന്യൂ, ആർ.പി.എഫ്, മറ്റ് ഇതര വകുപ്പുകൾ എന്നിവയുമായി ചേർന്ന് ശക്തമായ പരിശോധനകൾ നടത്തിവരുകയാണ്. ദേശീയപാത കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ദേശീയപാത പട്രോളിങ് ടീം പ്രവർത്തിച്ചുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.