മലമ്പുഴയിൽ ചോർന്നത് 12,000ത്തോളം കോൺഗ്രസ് വോട്ടുകൾ
text_fieldsപാലക്കാട്: മലമ്പുഴ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയുടെ വോട്ട് അരലക്ഷം കടന്നത് കോൺഗ്രസ് വോട്ടുകൾ വീണ്ടും മറിക്കപ്പെട്ടതിന് തെളിവായി കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠന് മണ്ഡലത്തിൽ 47,743 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥി എസ്.കെ. അനന്തകൃഷ്ണന് ലഭിച്ചത് 35,444 മാത്രം. 12,000ത്തിലേറെ വോട്ടിെൻറ കുറവ്. പാർലമെൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചത് 41,413 വോട്ട്. ഇത്തവണ 50,200 ആയി വർധിച്ചു.
ഒമ്പതിനായിരത്തോളം വോട്ട് അധികമായി ബി.ജെ.പി പെട്ടിയിൽ വീണു. തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫാണ് മലമ്പുഴ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത്. മണ്ഡലത്തിൽപെട്ട എലപ്പുള്ളി പഞ്ചായത്ത് ഭരണം യു.ഡി.എഫിനാണ്. എട്ടു പഞ്ചായത്തുകളിൽ ഒരിടത്തും ബി.ജെ.പി ഭരണത്തിലില്ല. ആകെ 25 പഞ്ചായത്ത് അംഗങ്ങൾ മാത്രമേ ബി.ജെ.പിക്കുള്ളൂ. എന്നിട്ടും യു.ഡി.എഫിനേക്കൾ 15,000ത്തിലേറെ വോട്ട് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.െജ.പി നേടിയത് കോൺഗ്രസ് വോട്ടുകൾ ഒന്നാകെ മറിക്കപ്പെട്ടുവെന്നതിന് വ്യക്തമായ സൂചനയാണെന്ന് ഇടതുകേന്ദ്രങ്ങൾ പറയുന്നു.
2016ൽ മുൻ കെ.എസ്.യു പ്രസിഡൻറ് വി.എസ്. ജോയ് സ്ഥാനാർഥിയായി എത്തിയപ്പോഴും പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ ഒത്താശയോടെ ബി.െജ.പി, കോൺഗ്രസ് വോട്ടുകൾ മറിച്ചിരുന്നു. ഇത് സംസ്ഥാനതലത്തിൽ തന്നെ വൻ വിവാദമായി. ഭാരതീയ നാഷനൽ ജനതാദളിന് നൽകിയ സീറ്റ് പിടിച്ചുവാങ്ങി പ്രാദേശിക കോൺഗ്രസ് നേതാവ് എസ്.കെ. അനന്തകൃഷ്ണൻ മത്സരിച്ചിട്ടും വോട്ടുചോർച്ച തടയാനാവാത്തത് ബി.ജെ.പി -കോൺഗ്രസ് ഡീലിന് തെളിവായി ഇടതുകേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.
എൽ.ഡി.എഫ് സ്ഥാനാർഥി എ. പ്രഭാകരന് 75,934 വോട്ടാണ് ലഭിച്ചത്. ഭൂരിപക്ഷം 25,734. തദ്ദേശ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിന് ഒപ്പമെത്തിയില്ലെങ്കിലും അതിന് അടുത്ത് എത്താനായി. ബി.ജെ.പിയിലേക്ക് സി.പി.എമ്മിൽനിന്ന് വോട്ടുചോർച്ച ഉണ്ടായിട്ടില്ലെന്ന് കണക്കുകളിൽനിന്ന് വ്യക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.