അപകട പാതയാക്കരുത്
text_fieldsദേശീയ പാതയിലെ ബസ് സ്റ്റോപ്പ് കൈയടക്കി ഓട്ടോറിക്ഷകൾ
ആലത്തൂർ: സ്വാതി ജങ്ഷനിൽ ദേശീയ പാതയിലെ ബസ് സ്റ്റോപ്പിൽ ഓട്ടോറിക്ഷകൾ നിർത്തുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് യാത്രക്കാർ. സർവിസ് റോഡ് ആരംഭിക്കുന്നിടത്താണ് ബസ് സ്റ്റോപ്പുള്ളത്. ബസ് വെയിറ്റിങ് ഷെഡ്ഡിന് മുമ്പിലാണ് അടുത്ത ദിവസങ്ങളിലായി ഓട്ടോറിക്ഷകൾ നിർത്തുന്നത്. ഈ ഭാഗത്ത് ഓട്ടോകൾ നിൽക്കുമ്പോൾ അതിനപ്പുറം നാല് വരി ദേശീയ പാതയുടെ സീബ്രാലൈൻ ഭാഗത്താണ് ബസുകൾ നിർത്തുന്നത്. ഇത് മംഗലത്ത് നടന്ന പോലെയുള്ള വലിയ അപകടത്തിന് വഴിവെക്കുമെന്ന് യാത്രക്കാരും നാട്ടുകാരും ഭയപ്പെടുന്നു.
ദേശീയപാതയോട് ചേർന്ന് ഒരിടത്തും ഓട്ടോറിക്ഷകൾ നിർത്താറില്ല. ഇതുവരെ ദേശീയപാത കഴിഞ്ഞുള്ള ടൗൺ റോഡ് ഭാഗത്താണ് ഓട്ടോകൾ നിർത്തിയിരുന്നത്. നാല് ഭാഗം റോഡുകൾ ചേരുന്ന സ്വാതി ജങ്ഷൻ സിഗ്നൽ ഭാഗത്ത് എപ്പോഴും വാഹനത്തിരക്കുള്ളതാണ്. കൂടാതെ ആലത്തൂർ ടൗൺ, പാലക്കാട്, നെന്മാറ, ചിറ്റൂർ ഭാഗങ്ങളിലേക്കുള്ള ബസുകൾ ഉൾപ്പെടെ ദേശീയപാത വഴി പോകേണ്ട വാഹനങ്ങളെല്ലാം ജങ്ഷനിലെ ബസ് സ്റ്റോപ്പിന്റെ മുമ്പിലൂടെയാണ് കടന്നുപോകുന്നത്. ബസ് സ്റ്റോപ്പിന്റെ മുമ്പിൽ ഓട്ടോകൾ നിർത്തിയിടുന്നത് വലിയ അപകടത്തിന് വഴിവെക്കുമെന്നാണ് യാത്രക്കാർ പറയുന്നത്.
ഓട്ടോകൾ ബസ് സ്റ്റോപ്പിൽ നിൽക്കുന്നതിനാൽ ദേശീയപാത വഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾ സ്പീഡ് ട്രാക്കിന് സമീപത്ത് നിർത്തിയാണ് ആളെ ഇറക്കുന്നതും കയറ്റുന്നതും. ഇത് ഏതു സമയത്തും അപകടത്തിന് കാരണമാകുമെന്നും ഗതാഗത നിയന്ത്രണ വിഭാഗത്തിന്റെ ശ്രദ്ധ വേണമെന്നും നാട്ടുകാർ പറയുന്നു.
ചീറിപ്പാഞ്ഞ് ടോറസ് ലോറികൾ
ആലത്തൂർ: തോലന്നൂർ - അത്തിപ്പൊറ്റ റോഡിലൂടെ രാവിലെ ടോറസ് ലോറികൾ ചീറിപ്പായുന്നത് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നു. ഈ ഭാഗത്തെ ക്വാറിയിൽനിന്ന് എം സാൻഡ് കയറ്റിയ ലോറികളാണ് ഇടതടവില്ലാതെ ഓടുന്നത്. ഈ സമയം നാട്ടുകാർക്ക് റോഡിലേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
ചിറക്കോട് പാലം മുതൽ വടക്കുമുറി വരെ റോഡിൽ ലോറികളുടെ തിരക്കാണ്. കാൽനടക്കാരും ഇരുചക്ര വാഹനയാത്രികരും സൂക്ഷിച്ചുപോയില്ലെങ്കിൽ അപകടം നിശ്ചയമാണ്. റോഡിന് കുറുകെ കടക്കാനും ബുദ്ധിമുട്ടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.