പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ അപകട പരമ്പര; മൂന്ന് പേര്‍ക്ക് പരിക്ക്
text_fieldsകല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് 966 ദേശീയപാതയില്‍ തച്ചമ്പാറക്കും മുണ്ടൂരിനുമിടയില്‍ ഞായറാഴ്ച അപകടപരമ്പര. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. പുലര്‍ച്ചെ നാലിനും രാവിലെ 10നുമിടയിലായിരുന്നു അപകടങ്ങള്‍.
പുലര്‍ച്ചെ നാേലാടെ കല്ലടിക്കോടിന് സമീപം പനയമ്പാടത്ത് ചരക്ക് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് ആദ്യ അപകടം. കന്നുകാലികളെ കയറ്റി പാലക്കാട് ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും കാര്‍ഡ് ബോർഡ് പെട്ടി ലോഡുമായി മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
ലോറികളിലുണ്ടായിരുന്ന മണ്ണാര്‍ക്കാട് തത്തേങ്ങലം സ്വദേശികളായ ഇഖ്ബാല്‍ (43), നാസര്‍ (44), വടക്കഞ്ചേരി സ്വദേശി ഇസ്മായില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇസ്മായില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മൂവരും വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിൽ. ലോറിയിലുണ്ടായിരുന്ന ഒരു പോത്ത് ചാവുകയും രണ്ടെണ്ണത്തിന് പരിക്കേല്‍ക്കുകയും ചെയ്തു.
അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ സമീപവാസികളും കല്ലടിക്കോട് നിന്നെത്തിയ പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണ്ണാര്‍ക്കാട് നിന്നും ഫയര്‍ഫോഴ്സ് റസ്ക്യു ടീമും സ്ഥലത്തെത്തിയിരുന്നു. അതേസമയം, ഇടിയുടെ ആഘാതത്തില്‍ ലോറികളുടെ മുന്‍വശം തകര്‍ന്നു.
സ്ഥലത്തെത്തിയ സമീപവാസി ഷെമീര്‍ ജീപ്പ് ഉപയോഗിച്ച് ലോറി വലിച്ച് മുന്‍വശം തകര്‍ത്താണ് അകത്ത് കുടുങ്ങിയ ഒരാളെ പുറത്തെടുത്തത്. പരിക്കേറ്റവരുമായി കല്ലടിക്കോട് പൊലീസിെൻറ ജീപ്പിലാണ് ആദ്യം ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്. ആശുപത്രിയിലേക്കുള്ള വഴിയേ ഇടക്കുറുശ്ശിക്ക് സമീപം മുട്ടിക്കല്‍കണ്ടം പമ്പിനടുത്ത് വെച്ച് ജീപ്പ് മറിഞ്ഞു. പൊലീസുകാര്‍ക്ക് നിസാര പരിക്കേറ്റു.
അപകടത്തില്‍ പെട്ട കന്നുകാലി ലോറിയില്‍ നിന്നും ഡീസല്‍ റോഡില്‍ ചോർന്നിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിെൻറ അടിസ്ഥാനത്തില്‍ കോങ്ങാട് ഫയര്‍ സ്റ്റേഷനില്‍ നിന്നും ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍മാരായ ജയകുമാര്‍, സുരേഷ്, ഡ്രൈവര്‍ ഉല്ലാസ് എന്നിവര്‍ ഏഴരയോടെ സ്ഥലത്തെത്തി റോഡ് വൃത്തിയാക്കി അപകടാവസ്ഥ ഒഴിവാക്കി. ലോറി അപകടം നടന്നതിന് സമീപത്തായി രാവിലെ ആറരയോടെ രണ്ട് ബൈക്കുകളും ഒരു പിക്കപ്പ് വാനും മറിഞ്ഞു. ആര്‍ക്കും പരിക്കില്ല.
കല്ലടിക്കോട് മാപ്പിള സ്കൂളിൽ ജങ്ഷനില്‍ സ്വകാര്യ ബസിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ചും അപകടമുണ്ടായി. ആറ് മണിയോടെയായിരുന്നു സംഭവം. യാത്രക്കാരെ കയറ്റാൻ ബസ് നിര്‍ത്തിയപ്പോള്‍ പിറകെ വന്ന ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. ലോറിയുടെ മുന്‍വശം തകര്‍ന്നു. ആര്‍ക്കും സാരമായ പരിക്കില്ല. ഒമ്പതരയോടെ വേലിക്കാടിന് സമീപത്ത് ഒരു കാറും മറിഞ്ഞു. ആര്‍ക്കും പരിക്കില്ല.
ദേശീയപാത വീതി കൂട്ടി നവീകരിച്ചതോടെ അപകടങ്ങളും പെരുകുകയാണ്. മിനുസമുള്ള റോഡില്‍ മഴ പെയ്യുന്നതോടെ വേഗതയില്‍ കടന്ന് പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം തെറ്റുന്നതാണ് അപകടങ്ങള്‍ക്ക് ഇടവരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.