കാഴ്ച മറച്ച് പാഴ് ചെടികൾ; ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
text_fieldsപുതുനഗരം: റോഡരികിലെ പാഴ് ചെടികൾ വെട്ടിമാറ്റാത്തത് ഇരുചക്ര വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. തണ്ണീർ പന്തൽ പ്രധാന റോഡിലെ വളവിൽ പാഴ് ചെടികളുള്ള പ്രദേശത്തെ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെയാണ് പുതുനഗരം - പാലക്കാട് പ്രധാന റോഡിൽ തോട്ടുപാലത്തിനടുത്ത തണ്ണീർ പന്തലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റത്. യാക്കര സ്വദേശി ഗണേശൻ (68), പെരുവെമ്പ് സ്വദേശികളായ ആദിത്യൻ (28), രഘു (42) എന്നിവർക്കാണ് പരിക്കേറ്റത്.
നെന്മാറ, കരിങ്കുളം, പുതുനഗരം, പുതൂർ, ആട്ടയാമ്പതി, മീങ്കര, പരുത്തിക്കാട്, കൊടുവായൂർ, കിണാശേരി, കാക്കയൂർ, പല്ലാവൂർ, പാപ്പാൻചള്ള, വലിയചള്ള, വട്ടേക്കാട്, വിത്തനശേരി കുമ്പളക്കോട് എന്നീ പ്രദേശങ്ങളിലും കൊല്ലങ്കോട് - പാലക്കാട് റോഡിൽ മന്ദംപുള്ളി, കരിപ്പോട്, പുതുനഗരം, പെരുവെമ്പ്, കിണാശേരി എന്നിവിടങ്ങളിലുമാണ് റോഡിലെ വളവുകളിൽ പാഴ് ചെടികൾ വളർന്ന് വാഹനാപകടം വർധിക്കുന്നത്. വടവന്നൂർ മന്ദംപുള്ളിയിലെ വളവിൽ വാഹനാപകടങ്ങളിൽ പത്തിലധികം ജീവൻ പൊലിഞ്ഞതിനെ തുടർന്ന് വളവ് നിവർത്തണമെന്ന ആവശ്യം നടപ്പായിട്ടില്ല.
നാറ്റ്പാകിന്റെ പരിശോധനയിൽ അപകട മേഖലയായി കണ്ടെത്തിയതിനെ തുടർന്ന് റോഡിന്റെ വശങ്ങളിൽ റിഫ്ലക്ടർ പതിച്ച ഇരുമ്പ് തൂണുകൾ സ്ഥാപിച്ചെങ്കിലും നിലവിൽ പാഴ് ചെടികൾ വളർന്ന് റിഫ്ലക്ടർ തൂണുകൾ മറഞ്ഞ അവസ്ഥയാണ്. സ്ഥലങ്ങളുടെ പേര് എഴുതിയ ബോർഡുകൾ വരെ മറഞ്ഞത് ഇതര സംസ്ഥാന ചരക്ക് വാഹനങ്ങൾക്ക് ദുരിതമായി. കൊല്ലങ്കോടിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരും മംഗലം- ഗോവിന്ദാപുരം അന്തർ സംസ്ഥാന റോഡിന്റെ വളവുകളിൽ കുടുങ്ങാറുണ്ട്.
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും തകർന്ന മുന്നറിയിപ്പ് ബോർഡുകൾക്ക് പകരം പുതിയവ സ്ഥാപിക്കാത്തതും പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. അപകട വളവുകൾ നികത്തി പാഴ ചെടികൾ പൂർണമായി നീക്കം ചെയ്ത് ആവശ്യമായ സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും സീബ്രാലൈനുകളും സ്ഥാപിക്കാൻ സർക്കാർ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.