സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ ഒന്നാം പ്രതി കാണാമറയത്ത് തന്നെ
text_fieldsഒറ്റപ്പാലം: പാലപ്പുറത്ത് സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒന്നാം പ്രതി, കൃത്യം നടന്ന് മൂന്ന് വർഷം പിന്നിടുമ്പോഴും കാണാമറയത്ത് തന്നെ.
ലക്കിടി മംഗലം കേലത്ത് വീട്ടിൽ ആഷിഖ് (24) കൊല്ലപ്പെട്ട കേസിലെ പ്രതിയും സുഹൃത്തുമായ പാലപ്പുറം പാറക്കൽ വീട്ടിൽ മുഹമ്മദ് ഫിറോസ് (29) ആണ് ഒളിവിൽ കഴിയുന്നത്. ഒറ്റപ്പാലം അഡിഷണൽ ജില്ല സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങിയ ഘട്ടത്തിൽ ഇയാൾക്കെതിരെ ഒന്നിലേറെ തവണ വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല.
കവർച്ച കേസുമായി ബന്ധപ്പെട്ട് പട്ടാമ്പിയിൽ അറസ്റ്റിലായ മുഹമ്മദ് ഫിറോസിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് കൊലപതക വിവരം പുറത്തായത്. കേസിൽ ഉൾപ്പെട്ട സുഹൃത്ത് ആഷിഖ് എവിടെയെന്ന പൊലീസിന്റെ നിരന്തരമായ അന്വേഷണത്തിനൊടുവിലാണ് പാലപ്പുറം അഴിക്കലപ്പറമ്പ് പ്രദേശത്ത് രണ്ട് മാസം മുമ്പ് കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന പ്രതിയുടെ കുറ്റസമ്മതം.
2022 ഫെബ്രുവരി 15ന് നൽകിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസ് നടത്തിയ പരിശോധനയിൽ അഴീക്കലപ്പറമ്പിലെ തോടിന് സമീപമുള്ള കരയിൽ കുഴിച്ചിട്ട നിലയിൽ ആഷിഖിന്റെ മൃതദേഹം കണ്ടെടുത്തിരുന്നു.
തുടരന്വേഷണത്തിൽ 2022 ഏപ്രിലിൽ മുഹമ്മദ് ഫിറോസിന്റെ മറ്റൊരു സുഹൃത്തായ സുഹൈലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈസ്റ്റ് ഒറ്റപ്പാലത്തെ ആളൊഴിഞ്ഞ വളപ്പിൽ നടന്ന കൊലപാതകത്തിന് ശേഷം മുഹമ്മദ് ഫിറോസിന്റെ സ്വന്തം പെട്ടിഓട്ടോയിൽ മൃതദേഹം അഴിക്കലപ്പറമ്പിൽ എത്തിച്ച കുഴിച്ചുമൂടിയെന്നാണ് കേസ്.
മദ്യപാനത്തിനിടെയുണ്ടായ തർക്കമായിരുന്നു കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നൽകിയിരുന്ന വിവരം. ജാമ്യത്തിൽ ഇറങ്ങിയ മുഹമ്മദ് ഫിറോസ് വിചാരണ തുടങ്ങിയ ഘട്ടത്തിൽ മുങ്ങുകയായിരുന്നു. ഒന്നാം പ്രതി മുങ്ങിയ സാഹചര്യത്തിൽ കേസിന്റെ വിചാരണ കോടതി നിർത്തിവെച്ചു.
കേസിലെ രണ്ടാം പ്രതി സുഹൈലിന്റെ വിചാരണ കോടതിയിൽ നടന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.