സ്വകാര്യഭൂമി മിച്ചഭൂമിയാക്കി ഏറ്റെടുക്കൽ; മുഖം രക്ഷിക്കാൻ റവന്യൂ വകുപ്പ്
text_fieldsപാലക്കാട്: കൈവശക്കാരറിയാതെ സ്വകാര്യഭൂമി മിച്ചഭൂമിയായി അനധികൃതമായി ഏറ്റെടുത്തെന്ന പരാതിയിൽ റവന്യൂവകുപ്പ് മുഖം രക്ഷിക്കാൻ പരാതിക്കാരെ കേൾക്കാനൊരുങ്ങുന്നു. ജില്ല വിജിലൻസ് കമ്മിറ്റി യോഗത്തിൽ ലഭിച്ച പരാതികളെതുടർന്ന് ഈ മാസം 19ന് പരാതിക്കാസ്പദമായ രേഖകൾ സഹിതം നേരിൽ കേൾക്കാൻ ആവശ്യപ്പെട്ട കുറിപ്പ് പരാതിക്കാർക്ക് കഴിഞ്ഞ ദിവസം ലഭിച്ചു.
പറളിയിൽ മിച്ചഭൂമിയായി ഏറ്റെടുത്ത 3.14 ഏക്കർ സ്വകാര്യഭൂമിയായിരുന്നെന്ന് കാണിച്ച് പറളി കിണാവല്ലൂർ സ്വദേശികളായ കൃഷ്ണമോഹൻ, ഇ.എൻ. കണ്ണൻ, ശിവപ്രസാദ് എന്നിവരാണ് ജില്ല വിജിലൻസ് യോഗത്തിൽ പരാതിപ്പെട്ടത്.
1982ൽ ഏറ്റെടുത്ത് അടുത്തവർഷം ഭൂരഹിതർക്ക് പതിച്ചുനൽകിയ ഭൂ വിവരങ്ങൾ ലാൻഡ് ബോർഡ് അംഗം കൂടിയായ ഭൂരേഖ തഹസിൽദാർ ഓഫിസ് അധികൃതർ താലൂക്ക് ലാൻഡ് ബോർഡിനെ അറിയിക്കാതിരുന്നതിനാലും മുൻകാല ഭൂമി ഏറ്റെടുത്ത് പതിച്ചുനൽകിയ വിവരങ്ങൾ മനഃപൂർവം വിസ്മരിച്ചതിനാലുമാണ് വീണ്ടും ഭൂമി ഏറ്റെടുക്കാൻ ഉത്തരവായതെന്ന് പരാതിക്കാർ പറയുന്നു.
നിലവിലെ കൈവശക്കാർക്ക് അറിയിപ്പ് നൽകാതെ മൂന്ന് ഏക്കറോളം സ്വകാര്യ ഭൂമി പലരിൽ നിന്ന് ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരനായ കണ്ണന്റെ ഭൂമിക്ക് മാത്രമായി തണ്ടപ്പേർ, ഭൂനികുതി എന്നിവ നിഷേധിച്ചതിനെതുടർന്നാണ് വിവരാവകാശ നിയമം ഉപയോഗിച്ച് വസ്തുതകൾ മനസ്സിലാക്കി പരാതി നൽകിയത്.
പരാതികളെത്തുടർന്ന് 2023 നവംബർ 27ന് ഭൂരേഖ തഹസിൽദാർക്ക് വീണ്ടും ഭൂമി ഏറ്റെടുത്തത് റദ്ദ് ചെയ്ത് ഉത്തരവിറക്കുകയും ചെയ്തു. ഏഴുദിവസത്തിനകം ഏറ്റെടുത്ത ഭൂമി നിലവിലെ കൈവശക്കാർക്ക് കൈമാറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് അന്ന് ഭൂരേഖ തഹസിൽദാർ വില്ലേജ് ഓഫിസറോട് നിർദേശിച്ചിരുന്നതായി പരാതിയിൽ പറയുന്നു. എന്നാൽ അക്കാര്യം ഇന്നേവരെ നടപ്പായില്ല.
നവകേരള സദസ്സിൽ കണ്ണൻ നൽകിയ നിവേദനത്തിന് മറുപടിയായി ഫെബ്രുവരി 16ന് കലക്ടർ ഭൂമി ഏറ്റെടുക്കൽ റദ്ദ് ചെയ്ത് കൈവശക്കാർക്ക് തിരികെ നൽകിയതായി അവകാശപ്പെട്ടിരുന്നു. അത് യാഥാർഥ്യമായില്ലെന്ന് മാത്രമല്ല, ഏറ്റെടുത്ത ഭൂമികൾ കണ്ടെത്തി തിരിച്ചറിയൽ നടപടികൾക്കായി താലൂക്ക് സർവേയർമാരുടെ സഹായം വീണ്ടും വേണമെന്ന ആവശ്യമുയർത്തി വില്ലേജ് ഓഫിസർ തഹസിൽദാറുടെ ഉത്തരവ് നടപ്പിലാക്കാതിരിക്കുകയാണെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലായിരുന്നു 2024 ഡിസംബർ 12ലെ വിജിലൻസ് കമ്മിറ്റി യോഗത്തിൽ വീണ്ടും പരാതി ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.