അനധികൃത മത്സ്യ-മാംസ സ്റ്റാളുകൾക്കെതിരെ നടപടിയെടുക്കും
text_fieldsപുതുനഗരം: അനധികൃത മത്സ്യ-മാംസ സ്റ്റാളുകൾ നിർത്തണമെന്ന് ഗ്രാമപഞ്ചായത്തുകളുടെ സംയുക്ത യോഗം. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് പുതുനഗരം, കൊടുവായൂർ, പെരുവെമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതികളുടെയും വിവിധ വകുപ്പ്- രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് അനധികൃത മത്സ്യ-മാംസ വിൽപന കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനമായത്. കൊടുവായൂർ, പുതുനഗരം, പെരുവെമ്പ് പഞ്ചായത്ത് അതിൽത്തികളിലെ റോഡരികിൽ ഇറച്ചി മാലിന്യം ഉൾപ്പെടെ തള്ളുന്നത് തടയാൻ മൂന്നു പഞ്ചായത്തുകളും സംയുക്തമായി നടപടി സ്വീകരിക്കും.
കൊടുവായൂർ, പുതുനഗരം പഞ്ചായത്ത് അതിർത്തി പ്രദേശമായ നൊച്ചൂരിൽ വൻതോതിൽ മാലിന്യം തള്ളുന്നവരെ കണ്ടുപിടിക്കാൻ സി.സി.ടി.വി കാമറകൾ അടിയന്തരമായി സ്ഥാപിക്കും. കൊടുവായൂർ, പെരുവെമ്പ്, പുതുനഗരം പഞ്ചായത്ത് അതിർത്തികൾക്കകത്ത് അനധികൃതമായി പ്രവർത്തിച്ചുവരുന്ന മത്സ്യ-മാംസ സ്റ്റാളുകൾ അടിയന്തരമായി നിർത്താൻ നിയമനടപടി സ്വീകരിക്കണമെന്ന് അതാത് പഞ്ചായത്ത് ഭരണസമിതികളോട് ആവശ്യപ്പെടുവാനും അതിർത്തി പ്രദേശങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും ആരോഗ്യം, പഞ്ചായത്ത്, പൊലീസ് വകുപ്പുകളുടെ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു.
പുതുനഗരം ഗ്രാമപഞ്ചായത്ത് ഓഫിസിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് സുധീറ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ഹംസത്ത്, കൊടുവായൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. കുട്ടുമണി, പെരുവെമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷാകുമാരി, പുതുനഗരം പഞ്ചായത്ത് വൈസ് പ്രസിഡൻറ് യു. ശാന്തകുമാരൻ, സ്ഥിരംസമിതി അംഗം എ.വി. ജലീൽ, പുതുനഗരം പൊലീസ് സ്റ്റേഷൻ പി.ആർ.ഒ വിജയകുമാർ, പുതുനഗരം ഹെൽത്ത് ഇൻസ്പെക്ടർ ശരവണൻ, മുഹമ്മദ് ഇക്ബാൽ (മുസ്ലിം ലീഗ്), യാക്കൂബ് (കോൺഗ്രസ്), ടി.എം. ലത്തീഫ് (സി.പി.എം), സന്തോഷ് കുമാർ (ബി.ജെ.പി) എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ സുമംഗല, സിന്ധു, റസൂൽ ഹക്ക്, ജയന്തി, പഞ്ചായത്ത് സെക്രട്ടറി വി. ബിന്ദു, സഹീറ അബ്ബാസ് എന്നിവർ സംസാരിച്ചു.
നൊച്ചൂരിൽ മാലിന്യം തള്ളൽ വ്യാപകം
കൊടുവായൂർ: നൊച്ചൂർ വളവിൽ വീണ്ടും മാലിന്യം തള്ളൽ. പാലക്കാട് - മീനാക്ഷിപുരം അന്തർ സംസ്ഥാന റോഡിൽ നൊച്ചൂരിലാണ് ഇറച്ചി മാലിന്യം, കോഴി മാലിന്യം എന്നിവ നിറയുന്നത്. ഇതോടെ തെരുവുനായ്ക്കൾ വർധിക്കുകയും വാഹന അപകടങ്ങൾ വർധിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ, വിവിധ സംഘടനകൾ എന്നിവ സംയുക്തമായി ഒപ്പ് ശേഖരണം നടത്തുകയും ഭീമ ഹരജി നൽകുകയും ചെയ്തു. സമരങ്ങൾ ശക്തമായപ്പോൾ മാലിന്യം തള്ളാനെത്തിയ രണ്ട് വാഹനങ്ങൾക്കെതിരെ പഞ്ചായത്ത് നടപടിയെടുക്കുകയും ചെയ്തു.
മാലിന്യങ്ങളെല്ലാം പഞ്ചായത്ത് നീക്കിയ ശേഷം സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്ന് നാട്ടുകാർക്ക് പഞ്ചായത്ത് ഉറപ്പ് നൽകി. തുടർന്ന് മാലിന്യം നീക്കിയെങ്കിലും സി.സി.ടി.വി കാമറ സ്ഥാപിക്കുമെന്ന ഉറപ്പ് ഇതുവരെ പാലിക്കാത്തത് മാലിന്യം വർധിക്കാനിടയാക്കി. മൂന്നിലധികം അപകട മരണം ഉണ്ടായ നൊച്ചൂർ വളവിൽ കുന്നുകൂടിയ മാലിന്യം മൂന്ന് മാസംമുമ്പ് വീണ്ടും പഞ്ചായത്ത് നീക്കം ചെയ്യുകയുണ്ടായി. ആറിലധികം തവണ നൊച്ചൂരിൽ മലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുത്തെങ്കിലും പിന്നീട് നിശ്ചലമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.