പരാതിയൊഴുകി; പരിഹാരം ഉടനടി
text_fieldsആലത്തൂർ: പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന ‘കരുതലും കൈത്താങ്ങും’താലൂക്ക് പരാതി പരിഹാര അദാലത്തുകള്‍ക്ക് പാലക്കാട് ജില്ലയിൽ തുടക്കം. ആലത്തൂര്‍ താലൂക്ക് അദാലത്തോടെയാണ് ജില്ലയിലെ ഏഴ് താലൂക്കുകളിലും നടത്തുന്ന അദാലത്തുകൾക്ക് തുടക്കമായത്. മന്ത്രിമാരാ. കെ. കൃഷ്ണന് കുട്ടി, എം.ബി രാജേഷ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
ആലത്തൂര്‍ ഹോളി ഫാമിലി കോണ്‍വെന്റ് സ്കൂളില്‍ നടന്ന അദാലത്തിൽ മന്ത്രിമാരാർക്ക് പുറമേ എം.എൽ.എ.മാരായ കെ.ഡി. പ്രസേനൻ, പി.പി. സുമോദ്, കലക്ടർ ഡോ. എസ്. ചിത്ര, എ.ഡി.എം കെ. മണികണ്ഠന്, പാലക്കാട് ആർ.ഡി.ഒ എസ്. ശ്രീജിത്ത് എന്നിവരും പങ്കെടുത്തു.
പരാതികൾ 891; പരിഹരിച്ചത് 294
ആലത്തൂരിൽ നടന്ന അദാലത്തിൽ ആകെ ലഭിച്ചത് 891 പരാതികൾ. ഇതിൽ 454 പരാതികൾ ഓൺലൈനായി താലൂക്ക് ഓഫിസ്, അക്ഷയ കേന്ദ്രങ്ങൾ വഴിലഭിച്ചതാണ്. 437 പരാതികളാണ് നേരിട്ട് ലഭിച്ചത്. ഇതിൽ 294 എണ്ണം പരിഹരിച്ചു.
തൽസമയം ലഭിച്ച പരാതികൾ പരിഹരിക്കുന്നതിനായി കലക്ടർ മുഖേന ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറും. ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാൻ പറ്റാത്ത പരാതികൾ സർക്കാറിലേക്ക് കൈമാറും. 159 പരാതികൾ അദാലത്തിൽ പരിഗണിക്കേണ്ടതല്ലാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇവ നേരിട്ട് അതത് വകുപ്പുകളിലേക്ക് കൈമാറും.
ഭീഷണിയായ മരം മുറിക്കാൻ അനുമതി
ജീവന് ഭീഷണിയായി നിൽക്കുന്ന നൂറ് വർഷം പഴക്കമുള്ള മാവ് മുറിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ നിർദേശിച്ച് മന്ത്രി എം.ബി. രാജേഷ്. ആലത്തൂർ പഞ്ചായത്തിൽ ഇരട്ടക്കുളം നിവാസിയും വയോധികയുമായ തായുമണിക്കായി മകൻ എസ്. രവീന്ദ്രനാണ് പരാതിയുമായി എത്തിയത്. നാലു വർഷം മുൻപ് മരക്കൊമ്പ് വീണ് തായുമണിയുടെ വീട്ടുമതിൽ ഇടിഞ്ഞിരുന്നു.
നസീമക്ക് വീട്ടു നമ്പർ കിട്ടി
വെണ്ടന്നൂർ പറയങ്കോട്ടിൽ എ.നസീമക്ക് അദാലത്തിൽ ആശ്വാസത്തിന്റെ കൈത്താങ്ങ്. ഒന്നര വർഷമായി വീട്ടു നമ്പരിനായുള്ള അലച്ചിലിന് പരിഹാരമായി. മന്ത്രി കെ.കൃഷ്ണൻ കുട്ടിയാണ് പ്രശ്നം പരിഹരിച്ചത്.
സ്വകാര്യ സ്കൂളിന്റെ ശുചിമുറി അടുക്കള ഭാഗത്ത്; വലഞ്ഞ കുടുംബത്തിന് ആശ്വാസം
വീടിന്റെ സമീപത്തുള്ള സ്വകാര്യ സ്കൂളിന്റെ ശുചിമുറി വീടിന്റെ അടുക്കള ഭാഗത്തായതിനാൽ ഭക്ഷണം പാകം ചെയ്യാനോ കഴിക്കുവാനോ സാധിക്കാതെ വലയുകയായിരുന്ന ശെൽവകുമാറിനും കുടുംബത്തിനും ആശ്വാസമായി ആലത്തൂരീലെ കരുതലും കൈതാങ്ങും അദാലത്ത്.
പെർമിറ്റ് എടുക്കാതെ അനധികൃതമായും താൽക്കാലികമായും നിർമിച്ച ശുചിമുറി കെട്ടിടം പൊളിച്ചുമാറ്റാൻ മന്ത്രി രാജേഷ് നിർദേശം നൽകി. വടക്കഞ്ചേരി മാണിക്കപ്പാടം അനില നിവാസിൽ ഇ.കെ. ശെൽവകുമാറാണ് അദാലത്തിൽ പരാതി നൽകിയത്.
രജിതക്ക് വീട് പണിയാം
വീട് പണി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നഭ്യർഥിച്ചാണ് ഭിന്നശേഷിക്കാരിയായ തരൂര്‍ വാവുള്ള്യാപുരം ചാപ്രയില്‍ രജിത (37) അദാലത്തിന് എത്തിയത്. ആശ്രയപദ്ധതി വഴി ലഭിച്ച രണ്ടു ലക്ഷം രൂപയും ലോണും ഉപയോഗിച്ച് വീടിന്റെ മേല്‍ക്കൂര സ്ഥാപിക്കുന്നതടക്കമുള്ള ജോലികള്‍ തീര്‍ക്കാനായെങ്കിലും പണി പൂര്‍ത്തീകരിക്കാനായില്ല. ഭര്‍ത്താവും രണ്ടു ചെറിയ മക്കളുമടങ്ങുന്നതാണ് കുടുംബം.
രജിത ചെറുപ്പത്തില്‍ പോളിയോ ബാധിച്ച് അരക്ക് താഴെ തളര്‍ന്നതാണ്. ഭര്‍ത്താവ് ക്രോണ്‍സ് ഡിസീസ് ബാധിതനാണ്. ജിതയുടെ പരാതി കേട്ട മന്ത്രി എം.ബി. രാജേഷ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘ഈസി കിച്ചണ്‍’പദ്ധതി ഉപയോഗപ്പെടുത്താനും ബാക്കി വരുന്ന തുക എം.എല്‍.എയുടെ കൂടി സഹായത്തോടെ സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തി നല്‍കാനും തരൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.