ആദിവാസികളുടെ സ്വപ്ന ഭവനം പാതിവഴിയിൽ...
text_fieldsപറമ്പിക്കുളം: പറമ്പിക്കുളത്ത് ഭവനപദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആദിവാസികൾ ആവശ്യപ്പെട്ടു. വിവിധ സർക്കാർ പദ്ധതിയിൽ ഭവനം പാസായ പറമ്പിക്കുളത്തെ ആദിവാസികൾക്ക് തുക കൃത്യമായി വിനിയോഗിക്കാൻ സാധിക്കാത്തതും ലഭിച്ച തുക മതിവരാത്തതും മൂലം വീടിന്റെ നിർമാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.
കുരിയാർകുറ്റി, തേക്കടി, അല്ലിമൂപ്പൻ, 30 ഏക്കർ, ഒറവൻപാടി കോളനികളിലാണ് 70ൽ അധികം വീടുകൾ പൂർത്തീകരിക്കാത്തതിനാൽ മേൽക്കൂരകളുടെ കോൺക്രീറ്റ് പോലും നടത്താതെ നിലച്ചിട്ടുള്ളത്.സർക്കാർ അനുവദിക്കുന്ന തുകയിൽ വീട് നിർമാണത്തിന്റെ ഓരോഘട്ടങ്ങളും കൃത്യമായി നിർമിക്കാൻ ആദിവാസികൾക്ക് കല്ലും മണലും സിമന്റും ലഭിക്കാത്തതും പ്രതിസന്ധികൾക്ക് കാരണമായി.
ഭവന നിർമാണ സാമഗ്രികൾ പൊള്ളാച്ചിയിൽനിന്നും മലകയറി പറമ്പിക്കുളം കോളനികളിൽ എത്തിക്കുന്നതിന് നാലിരട്ടിയിലധികം തുക ചിലവാകുന്നതിനാൽ സർക്കാർ നിശ്ചയിച്ച തരത്തിൽ ഓരോഘട്ടങ്ങളും നിർമിക്കാൻ സാധിച്ചില്ലെന്ന് ആദിവാസികൾ പറയുന്നു.
നിർമാണം പൂർത്തീകരിക്കാൻ കൂടുതൽ തുക അനുവദിക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം.എന്നാൽ നിലച്ച വീടുകൾക്ക് കൂടുതൽ തുക ലഭ്യമാക്കി കുടുംബശ്രീയെ ഉപയോഗപ്പെടുത്തി ഭവനങ്ങൾ പൂർത്തീകരിക്കാൻ നടപടി ആരംഭിക്കുമെന്ന് പട്ടികവർഗ വകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.