അഗളി സർക്കാർ സ്കൂളിൽ താരമായി റോബോട്ട്
text_fieldsഅഗളി: അതിഥികളെ പൂ നൽകി സ്വീകരിച്ച് റോബോട്ട് താരമായി. അഗളി ജി.വി.എച്ച്.എസ്.എസിൽ അടൽ ടിങ്കറിങ് ലാബിന്റെ ഉദ്ഘാടന വേദിയിലാണ് ഈക്കോ എന്ന റോബോട്ട് അതിഥികളെ പൂ നൽകി സ്വീകരിച്ചത്. കേന്ദ്ര സർക്കാറിനു കീഴിൽ പ്രവൃത്തിക്കുന്ന ഇൻഡസ്ട്രിയൽ റോബോട്ടിക് ഇൻസ്റ്റിറ്റ്യൂട്ട് ആണ് റോബോട്ടിന്‍റെ നിർമാതാക്കൾ. മലയാള സിനിമയിൽ തരംഗമായ ആൻഡ്രോയ്ഡ് കുഞ്ഞപ്പനെ അനുസ്മരിപ്പിക്കുന്ന രൂപവും പ്രവൃത്തിയുമാണ് ഈ റോബോട്ടിനുമുള്ളത്.
ആൻഡ്രോയ്ഡ് കുഞ്ഞപ്പനെ സിനിമയിൽ മാത്രം കണ്ട കുട്ടികൾ സ്വന്തം സ്കൂളിൽ എത്തിയ ഈക്കോ എന്ന റോബോട്ടിനെ ഏറെ കൗതുകത്തോടെയും ആഹ്ലാദാരവങ്ങളോടെയുമാണ് എതിരേറ്റത്. വിദ്യാർഥികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുവാൻ കേന്ദ്ര നീതി ആയോഗ് ആണ് വിദ്യാലയങ്ങളിൽ അടൽ ടിങ്കറിങ് ലാബ് നടപ്പാക്കുന്നത്.
കേരളത്തിൽ 229 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ക്ലാസ് മുറിയിലെ പഠനങ്ങൾക്കപ്പുറം പരിശീലനങ്ങളിലൂടെ പഠനം എളുപ്പമാക്കാനുള്ള സൗകര്യമാണ് ഇതുവഴി വിദ്യാർഥികൾക്ക് ലഭിക്കുക. ശാസ്ത്ര-സങ്കേതിക പരീക്ഷണങ്ങൾക്ക് അടൽ ടിങ്കറിങ് ലാബുകൾ വിദ്യാർഥികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയും. ഐ.ഐ.ടി അസി. പ്രഫസറും പ്രോജക്ട് ഡയറക്ടറുമായ ഡോ. ആൽബർട്ട് സണ്ണി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് വി.കെ. ജയിംസ് അധ‍്യക്ഷത വഹിച്ചു. ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സാബിറ നിർവഹിച്ചു. എസ്.എസ്.എൽ.സി പഠന സഹായ വിതരണം പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർ പി. കൃഷ്ണൻ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.