പാലം വേണം; പുഴയിൽ മരിച്ചവരുടെ മൃതദേഹം എടുക്കാൻ അനുവദിക്കാതെ സമരം
text_fieldsഅഗളി: അട്ടപ്പാടി പുതൂർ വരഗാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ആളുകളുടെ മൃതദേഹം എടുക്കാൻ അനുവദിക്കാതെ ആദിവാസി ഗോത്ര സമൂഹം അധികൃതർക്ക് മുന്നിൽ സമരം നടത്തി. പ്രദേശത്തേക്ക് നടപ്പാക്കുന്ന കോടികളുടെ പദ്ധതികൾ ആവിഷ്കരിക്കപ്പെടുമ്പോഴും അത് തങ്ങൾക്ക് ഉപകാരപ്പെടുന്നില്ലെന്ന് സമരക്കാർ പറഞ്ഞു.
ഇടവാണി ഭാഗത്ത് പുഴ മുറിച്ചുകടന്ന് വീട്ടിലെത്താനുള്ള ശ്രമത്തിനിടെയാണ് ഇടവാണി സ്വദേശികളായ മുരുകനും (29) കൃഷ്ണനും (55) ഒഴുക്കിൽപെട്ട് മരിച്ചത്. ഇവിടെ പുഴ കടക്കാൻ പാലമുണ്ടായിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു. കോടികൾ മുടക്കി പ്രദേശത്തേക്ക് റോഡ് നിർമിച്ചപ്പോൾ അതിന്റെ ഭാഗമായി പാലം നിർമിക്കാൻ അധികൃതർ അനാസ്ഥ കാണിച്ചു. പുഴക്കുകുറുകെ പാലവും ഇടവാണി, താഴെ ഭൂതയാർ ആദിവാസി ഗ്രാമങ്ങളിൽ വീട് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് ആദിവാസികൾ മൃതദേഹവുമായി സമരം നടത്തിയത്. തുടർന്ന് അട്ടപ്പാടി നോഡൽ ഓഫിസർ കൂടിയായ ഒറ്റപ്പാലം സബ് കലക്ടർ സ്ഥലത്തെത്തി സമരക്കാരുമായി സന്ധി സംഭാഷണം നടത്തി.
അരളിക്കോണം മുതൽ ഇടവാണി വരെ പുഴ കടക്കേണ്ടി വരുന്ന അഞ്ചിടങ്ങളിൽ പാലം നിർമിക്കാനായി പ്രധാനമന്ത്രി ജൻഡൻ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള അപേക്ഷ രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കാനും വീടില്ലാത്തവർക്ക് ഇതേ പദ്ധതി വഴി വീട് നിർമിച്ചു നൽകാനും ചർച്ചയിൽ തീരുമാനമായി. കഴിഞ്ഞ പതിനാറാം തീയതി വൈകീട്ടാണ് ഇടവാണി സ്വദേശികളായ കൃഷ്ണനും മുരുകനും പുഴ കടക്കുന്നതിനിടെ ഒഴുക്കിൽപെട്ടത്. മുരുകൻ മുട്ടിക്കുളങ്ങര എ.ആർ ക്യാമ്പിൽ കോൺസ്റ്റബിളാണ്. നിലവിൽ അഗളി പൊലീസ് സ്റ്റേഷനിലാണ് ജോലി ചെയ്തുവന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.