കുടിവെള്ളപദ്ധതി നോക്കുകുത്തി കോളനികളിൽ ജലക്ഷാമം രൂക്ഷം
text_fieldsതൃത്താല: പരുതൂരിലെ ചാഞ്ചേരിപ്പറമ്പ്, മംഗലംകുന്ന്, അയനിപ്പറമ്പ് ഉൾപ്പെടെയുള്ള കോളനികളിൽ കുടിവെള്ളക്ഷാമം രൂക്ഷം. 2012-13 ലാണ് ജില്ല പഞ്ചായത്ത് എസ്.സി.പി ഫണ്ട് ഉപയോഗിച്ച് വെള്ളിയാംകല്ല് ഡാമിന് സമീപം മൂന്നുതെങ്ങിൽ മേജർ കുടിവെള്ള വിതരണപദ്ധതി തുടങ്ങിയത്. എന്നാൽ, വൈദ്യുതിചാർജ് അടക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി കണക്ഷൻ വിച്ഛേദിച്ചു. പുന:സ്ഥാപിക്കാൻ പരുതൂർ ഗ്രാമപഞ്ചായത്ത് അധികൃതർ തുടര്‍ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.
2012ൽ നിർമാണപ്രവൃത്തി തുടങ്ങിയ ശേഷം പല തവണ പ്രവർത്തനം നിർത്തിവെച്ചിരുന്നു. തുടർന്ന് ജനകീയകൂട്ടായ്മയുടെ പരാതിയില്‍ മനുഷ്യാവകാശ കമീഷന് ഇടപെട്ടതോടെയാണ് വീണ്ടും നിർമാണം പൂർത്തീകരിച്ചത്. എന്നാൽ, പദ്ധതി തീർത്തും അവഗണിക്കപ്പെട്ട അവസ്ഥയിലാണെന്നും മംഗലംകുന്നിൽ 50,000 ലിറ്റർ ശേഷിയുള്ള ജലവിതരണ സംഭരണി പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടും അതുപയോഗപ്പെടുത്താൻ ശ്രമിക്കുന്നില്ലെന്നും കേരള ദലിത് ഫോറം സംസ്ഥാന പ്രസിഡൻറ് ചോലയിൽ വേലായുധൻ പറഞ്ഞു. പരുതൂരിലെ കോളനിവാസികൾ പണം കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട അവസ്ഥയിലാണ്. കിണറ്റിൽ നിറയെ വെള്ളമുണ്ടായിട്ടും ജലക്ഷാമത്തിന് പരിഹാരം കാണാൻ നടപടിയില്ല. പദ്ധതിയെ അവഗണിക്കുന്ന നിലപാടാണ് പരുതൂർ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും മൂന്നുതെങ്ങ് പദ്ധതിയിൽ നിന്ന് ഉടൻ ജലവിതരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.