ജീവനക്കാരില്ല; അഗളിയിൽ കെ.എസ്.ഇ.ബി പ്രവർത്തനം പ്രതിസന്ധിയിൽ
text_fieldsഅഗളി: പരാതിപ്രളയത്തിൽ മുങ്ങി അഗളി കെ.എസ്.ഇ.ബി ഓഫിസ്. 15ാം തീയതി മുതൽ പെയ്യുന്ന മഴയിലും കാറ്റിലും അഗളി സെക്ഷനു കീഴിൽ വരുന്ന വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ ബുദ്ധിമുട്ടുകയാണ് ജീവനക്കാർ. 33 കെ.വി ലൈൻ തന്നെ ഒരു ദിവസം പലപ്രാവശ്യം തകരാറിലാകുന്നു. ഇതുകൂടാതെ 11 കെ.വി ലൈനിലും എൽ.ടി ലൈനിലും നിരവധി സ്ഥലത്ത് മരങ്ങൾ വീണ് വൈദ്യുതികാൽ പൊട്ടിയും കമ്പി പൊട്ടിയും വൈദ്യുതി വിതരണം താറുമാറാവുകയാണ്. എല്ലാ പ്രദേശങ്ങളിലും മുളകൾ കൂട്ടത്തോടെ ഉണങ്ങി വൈദ്യുതി ലൈനിന് മുകളിലേക്ക് വീഴുന്ന അവസ്ഥയാണ്. ഇത് നീക്കം ചെയ്യണമെങ്കിൽ തന്നെ ശ്രമകരമായ പ്രവൃത്തിയാണ്.
കാലാവസ്ഥ മോശമായതോടെ സമയത്ത് പരാതികൾ പരിഹരിക്കാനാവാതെ ജീവനക്കാർ അവധി പോലും ഉപേക്ഷിച്ചാണ് ജോലി ചെയ്യുന്നത്. കൽക്കണ്ടി കേന്ദ്രീകരിച്ച് ഒരു സബ് സെന്റർ കൂടി വേണമെന്ന ആവശ്യത്തിന് നാട്ടുകാർ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. സെക്ഷനിലെ മേലെ ഭൂതയാർ, കടുകുമണ്ണ, മുരുഗള ഊരുകളിൽ ഇനിയും തകരാർ പരിഹരിക്കാൻ സാധിച്ചിട്ടില്ല. കട്ടേക്കാട് കുച്ചിമേട്ടിൽ നാല് എച്ച്.ടി പോസ്റ്റ് പൊട്ടിയത് മാറ്റി സ്ഥാപിച്ചുകൊണ്ടിരിക്കുന്നതിനിടക്ക് മരം വീണ് രണ്ട് പോസ്റ്റുകൾ കൂടി പൊട്ടി. കഴിഞ്ഞദിവസം പരിപ്പൻ തറയിൽ കുമാറിന്റെ വീടിനു മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണെങ്കിലും വൈദ്യുതി ഉടനടി വിച്ഛേദിച്ചതിനാൽ അപകടം ഒഴിവായി. കൽക്കണ്ടി ജങ്ഷനിൽ ഓട്ടോ സ്റ്റാൻഡിന് ഭീഷണിയായ ആൽമരം പി.ഡബ്ല്യു.ഡി മുറിച്ച് നീക്കി.
കാറ്റും മഴയും: കെ.എസ്.ഇ.ബിക്ക് കനത്ത നഷ്ടം
ഒറ്റപ്പാലം: കാറ്റിലും മഴയിലും കെ.എസ്ഒ.ഇ.ബിയുടെ അമ്പലപ്പാറ, ഒറ്റപ്പാലം സെക്ഷൻ ഓഫീസുകൾക്ക് കീഴിൽ കനത്ത സാമ്പത്തിക നഷ്ടംം. വൈദ്യുത കാലുകൾ തകർന്നും ലൈനുകൾ പൊട്ടിവീണുമാണ് നഷ്ടമുണ്ടാക്കിയിട്ടുള്ളത്. കെ.എസ്.ഇ.ബിയുടെ അമ്പലപ്പാറ, ഒറ്റപ്പാലം സെക്ഷൻ ഓഫിസുകൾക്ക് കീഴിൽ മാത്രം തകർന്നത് 50 വൈദ്യുതി കാലുകളാണ്. കൂടുതൽ നാശനഷ്ടം അമ്പലപ്പാറ സെക്ഷൻ ഓഫിസ് പരിധിയിലാണ്. 35 വൈദ്യുതി കാലുകൾക്കാണ് ഇവിടെ നാശമുണ്ടായത്. അമ്പലപ്പാറ സെക്ഷൻ പരിധിയിൽ 70ഉം ഒറ്റപ്പാലത്ത് 40ഉം ഇടങ്ങളിലാണ് വൈദ്യുതി ലൈനുകൾ തകരാറിലായത്. ഒറ്റപ്പാലത്ത് രണ്ടും അമ്പലപ്പാറയിൽ 5.50ഉം ഉൾപ്പടെ 7.50 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ലൈനിലേക്ക് പൊട്ടിവീണുമാണ് വൈദ്യുതി കാലുകളും ലൈനുകളും ഭൂരിഭാഗവും തകർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.