അട്ടപ്പാടിയിൽ ഡോക്ടർമാർക്ക് കൂട്ട സ്ഥലം മാറ്റം
text_fieldsഅഗളി: അട്ടപ്പാടിയിലെ ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെയും കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെയും 14 ഡോക്ടർമാരെയാണ് സ്ഥലം മാറ്റിയത്. പകരം ഡോക്ടർമാർ എത്താത്തതിനാൽ ആദിവാസികൾ ഉൾപ്പെടെ രോഗികൾ ദുരിതത്തിലാണ്. അടുത്തയാഴ്ചയോടെ പുതിയ ഡോക്ടർമാർ എത്തുമെന്ന് പാലക്കാട് ഡി.എം.ഒ അറിയിച്ചു. നവജാത ശിശുമരണവും ഗർഭസ്ഥ ശിശുമരണവും ആവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രദേശമാണ് അട്ടപ്പാടി. ഇവിടെ പകരം നിയമനം നടത്താതെ ഡോക്ടർമാരെ കൂട്ടമായി സ്ഥലം മാറ്റിയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കോട്ടത്തറ ആശുപത്രിയിൽ നാല് ശിശുരോഗ വിദഗ്ധരാണ് വേണ്ടത്. മൂന്ന് ഡോക്ടർമാരാണ് നിലവിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ സ്ഥലം മാറി പോയി. ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഇപ്പോഴുള്ളത്.
രണ്ട് ഗൈനക്കോളജിസ്റ്റുകളിൽ ഒരാൾ സ്ഥലം മാറി പോയി. ജനറൽ മെഡിസിൻ വിഭാഗത്തിലെ ഒരു ഡോക്ടറും അത്യാഹിത വിഭാഗത്തിലെ മൂന്ന് ഡോക്ടർമാരും വാർഡിലെ രണ്ട് ഡോക്ടർമാരും സ്ഥലംമാറ്റ പട്ടികയിലുണ്ട്. ഡോക്ടർമാർക്ക് 24 മണിക്കൂറും തുടർച്ചയായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമായതിനാൽ മറ്റുള്ള ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് നിലവിൽ ചെയ്യുന്നത്. അട്ടപ്പാടി ചുരം കടന്ന് 50 കിലോമീറ്റർ താണ്ടിവേണം മണ്ണാർക്കാട്ടെ ആശുപത്രിയിലെത്താൻ. ജില്ല ആശുപത്രിയിലെത്താൻ രണ്ടര മണിക്കൂർ സഞ്ചരിക്കണം. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഏഴ് ഡോക്ടർമാർക്കും സ്ഥലംമാറ്റമാണ്. മുമ്പ് ഹെഡ് നഴ്സുമാരെ മാറ്റിയിട്ട് പകരം നിയമനമായിട്ടില്ല.ശിശുമരണം കൂടുതലായിരുന്ന അട്ടപ്പാടിയിൽ ആരോഗ്യ പ്രവർത്തകരുടെ ഇടപ്പെടൽ മൂലം നവജാത-ഗർഭസ്ഥ ശിശു മരണങ്ങൾ വലിയൊരളവിൽ കുറക്കാനായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.