അട്ടപ്പാടിയിൽ യുവാവിന്റെ ആത്മഹത്യക്കു പിന്നിൽ ഓൺലൈൻ വായ്പ തട്ടിപ്പ് സംഘം
text_fieldsഅഗളി: അട്ടപ്പാടി മുണ്ടൻപാറ ഇടിഞ്ഞമലയിൽ കഴിഞ്ഞദിവസം യുവാവ് ആത്മഹത്യ ചെയ്തത് ഓൺലൈൻ സാമ്പത്തികതട്ടിപ്പിനിരയായതിനെ തുടർന്നാണെന്ന് കുടുംബം. സംഭവത്തിൽ അഗളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇടിഞ്ഞമലയിൽ മുണ്ടക്കൽ വീട്ടിലെ എം.എസ്. സനൽകുമാറാണ് (36) ആത്മഹത്യ ചെയ്തത്. ഡിസംബർ 28ന് രാവിലെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സനലിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള മൈക്രോഫിനാൻസ് സ്ഥാപനവുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്ന വിവരം കുടുംബമറിയുന്നത്. 50,000 രൂപ ഓൺലൈൻ വായ്പയായി സനൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പണം അത്യാവശ്യമാണെങ്കിൽ വായ്പാതുകയുടെ 10 ശതമാനം കെട്ടിവെച്ചാൽ ഉടൻ അക്കൗണ്ടിലേക്ക് പണം നൽകാമെന്ന് വായ്പ ഏജൻസി അറിയിച്ചു.
സനൽ 5000 രൂപ അയച്ചുനൽകി. എന്നാൽ, അയച്ച അക്കൗണ്ട് നമ്പർ മാറിയെന്നും 25,000 രൂപ പിഴയടച്ചാലേ വായ്പാതുക അനുവദിക്കാനാകൂവെന്നും കമ്പനി ആവശ്യപ്പെട്ടു.
കെണി തിരിച്ചറിയാത്ത യുവാവ് സഹോദരിയുടെ സ്വർണം പണയംവെച്ച് ലഭിച്ച തുക അയച്ചു നൽകി. മണിക്കൂറുകൾക്കു ശേഷം അക്കൗണ്ടിൽ 35,000 രൂപ ബാലൻസുണ്ടെങ്കിലേ പണമിടപാട് നടത്താനാകൂവെന്ന വിചിത്രവാദം തട്ടിപ്പുസംഘം മുന്നോട്ടുവെച്ചു.
ഗത്യന്തരമില്ലാതെ സഹോദരിയുടെ മകളുടെ സ്വർണം പണയംവെച്ച് അക്കൗണ്ടിൽ സൂക്ഷിച്ചു. ആ പണവും സംഘം കൈക്കലാക്കി. വായ്പയായി ആവശ്യപ്പെട്ട 50,000 രൂപ സനലിന് അയച്ചെന്നും നെറ്റ്വർക്ക് പ്രശ്നം കാരണം അക്കൗണ്ടിൽ കയറാത്തതാണെന്നും തോന്നിപ്പിക്കുന്ന ഒരു രസീതും നൽകി.
പിന്നീട് പല തവണ പല നമ്പറുകളിൽനിന്നും ഇവരെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. കടം വാങ്ങിയടച്ച പണം ഉൾപ്പെടെ ഒരു രൂപപോലും തിരിച്ചുകിട്ടാതെ വന്നതോടെ സനൽ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് സഹോദരി സരിത പറഞ്ഞു. ഈ കമ്പനിയിലേക്ക് വിളിച്ചാൽ എടുക്കുന്നില്ലെന്നും ഇവർ പറഞ്ഞു. സഹോദരീഭർത്താവ് സന്തോഷ് കുമാർ നൽകിയ പരാതിയിൽ അഗളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എറണാകുളത്ത് ഹോട്ടലിൽ വെയിറ്ററായിരുന്ന സനൽ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. അമ്മയും സനലും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.