പാലം കയറാൻ മാർഗമില്ലാതെ അടിയക്കണ്ടിയൂർ നിവാസികൾ
text_fieldsഅഗളി: അട്ടപ്പാടി അടിയക്കണ്ടിയൂരുണ്ട് ഒരു ആകാശപ്പാലം. പാലം കയറിയിറങ്ങണമെങ്കിൽ യാത്രികർക്ക് ക്രെയിനിന്റെ സഹായം വേണം. ഇരുവശവും വലിയ ടവർ കണക്കെയാണ് പാലം ഉയർന്നുനിൽക്കുന്നു. കയറുവാനോ ഇറങ്ങുവാനോ മറ്റ് മാർഗങ്ങളൊന്നുമില്ല. ഭവാനിപ്പുഴക്ക് കുറുകെയാണ് മൈനർ ഇറിഗേഷൻ വകുപ്പ് നിർമിച്ച പാലം. കൗതുകമുണർത്തുന്ന പാലം കാണാൻ നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. ട്രോളർമാരും നിരവധി. 1.8 കോടി രൂപയാണ് ആകാശപ്പാലത്തിനായി ചെലവിട്ടത്. പത്ത് മീറ്റർ ഉയരവും 50 മീറ്റർ നീളവുമുണ്ട്. പാലം എന്തിനുവേണ്ടിയാണ് നിർമിക്കുന്നതെന്ന് നാട്ടുകാർക്ക് നിശ്ചയമില്ല. ഉദ്യോഗസ്ഥരും കരാറുകാരനുമൊക്കെ ഉൾപ്പെട്ട വലിയ തട്ടിപ്പാണ് എന്നുമാത്രം അവർക്കറിയാം. ഇവിടെ നടപ്പാലത്തിന്റെ ആവശ്യമില്ലെന്നും അധികം അകലെയല്ലാതെ നിലവിൽ ഇരുവശങ്ങളിലും വേറെ വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന വിധം പാലങ്ങളുണ്ട്. നിലവിൽ പണിയുന്ന പാലം ചെന്നുനിൽക്കുന്നത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ്. സ്വകാര്യ വ്യക്തി പാലം പണി പൂർത്തിയാക്കുവാൻ സ്ഥലം വിട്ടുനൽകുമെന്നാണ് മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതർ പറയുന്നത്. സ്ഥലം വിട്ടുകൊടുക്കില്ലെന്ന് സ്വകാര്യ വ്യക്തിയും. പിന്നീട് അധികൃതർക്ക് മുന്നിലുള്ള മാർഗം പുഴയോരത്തിലൂടെ നടപ്പാലം പൂർത്തിയാക്കുക എന്നതാണ്. പുഴയിൽ ജലനിരപ്പ് ഉയർന്നാൽ അതിലൂടെയുള്ള സഞ്ചാരം അസാധ്യമാകും. അട്ടപ്പാടിയിൽ പാഴാകുന്ന കോടികളുടെ പദ്ധതികളുടെ മകുടോദാഹരണമായി നിൽക്കുകയാണ് ആകാശപ്പാലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.