ഏഴ് വർഷം മുമ്പ് തുടങ്ങിയ പദ്ധതി പാതിവഴിയിൽ; ശുദ്ധജലം കാത്ത് അട്ടപ്പാടിയിലെ ഊരുകൾ
text_fieldsഅഗളി: അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ ശുദ്ധജലമെത്തിക്കാൻ തുടങ്ങിയ പദ്ധതി ഏഴ് വർഷം പിന്നിടുമ്പോഴും പാതിവഴിയിൽ. 40 കോടി വകയിരുത്തി 2015ലാണ് പദ്ധതി പ്രഖ്യാപിച്ചത്. അട്ടപ്പാടിയിലെ മുഴുവൻ പഞ്ചായത്തുകളിലുമുള്ള ആദിവാസി ഊരുകളിലേക്കും പ്രദേശങ്ങളിലേക്കും ശുദ്ധജലം എത്തിക്കുകയായിരുന്നു ലക്ഷ്യം. നിലവിൽ കണക്കിൽ 22 കോടി ചെലവഴിച്ചതായി കാണിക്കുമ്പോഴും പ്രവൃത്തികൾ എങ്ങുമെത്തിയിട്ടില്ല. സർക്കാറിൽനിന്ന് യഥാസമയം പണം ലഭിക്കാത്തതാണ് നിർമാണ പ്രവൃത്തികൾ മന്ദീഭവിക്കുവാൻ കാരണമെന്നാണ് കരാറുകാരൻ പരാതിപ്പെടുന്നത്. അട്ടപ്പാടിയിലെ 82 ആദിവാസി ഊരുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ മൂലം പാതിവഴിയിലായി നിൽക്കുന്നത്.
ഇതിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങളും ഉയർന്നു വരുന്നുണ്ട്. പദ്ധതി തയാറാക്കിയതിൽ വലിയ സാങ്കേതിക പിഴവ് ഉണ്ടായിട്ടുള്ളതായാണ് വിവരം. 400 എച്ച്.പി പമ്പ് സെറ്റാണ് പദ്ധതിക്ക് ഉപയോഗിക്കുവാൻ തീരുമാനിച്ചിട്ടുള്ളത്. ഇത് വേനൽക്കാലത്ത് ഭവാനിപ്പുഴ വറ്റിവരളാൻ ഇടയാക്കും എന്നതാണ് പദ്ധതിക്കെതിരെ പ്രധാനമായും ഉയരുന്ന ആരോപണം. നിരവധി ജലസേചന, കുടിവെള്ള പദ്ധതികൾ ഇവിടെ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ആയിരത്തിലധികം ഏക്കർ പ്രദേശത്തെ കൃഷിഭൂമിയിലേക്ക് കർഷകർ ജലസേചനം നടത്തുന്നതും ഭവാനിപ്പുഴയെ ആശ്രയിച്ചാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.