കൃഷിപ്പണികൾ ഏകീകരിക്കാൻ കാർഷിക കലണ്ടർ തയാർ
text_fieldsപാലക്കാട്: ജില്ലയിൽ അടുത്ത രണ്ട് വിളകൾക്കുള്ള കാർഷിക കലണ്ടർ തയാറായി. കൃഷിപ്പണികൾ ഏകീകരിച്ച് കാർഷിക മേഖലയിലെ നഷ്ടം കുറക്കുന്നതിന് ഒപ്പം മികച്ച വിളവ് ഉറപ്പാക്കുകയുമാണ് കലണ്ടറിന്‍റെ ലക്ഷ്യം. മലമ്പുഴ, പോത്തുണ്ടി, മംഗലം, ചേരാമംഗലം പദ്ധതി ഉപദേശക സമിതി യോഗ തീരുമാന പ്രകാരമാണ് കലണ്ടറിന് രൂപം നൽകിയത്. 135 ദിവസം കാലാവധിയുള്ള ഉമ നെൽവിത്താണ് ഒന്നാം വിളയ്ക്ക് ഉപയോഗിക്കുന്നത്. ഒന്നാം വിള നെൽകൃഷി ഏകീകൃതമായി ചെയ്യാൻ ഉമ നെൽവിത്ത് ഉപയോഗിച്ച് 15ന് ഞാറ്റടി തയാറാക്കും.
ജ്യോതി, കാഞ്ചന വിത്തുകളും ചിലയിടത്ത് ഉപയോഗിക്കുന്നുണ്ട്. 120 ദിവസമാണ് ഈ വിത്തുകളുടെ കാലാവധി. ജൂൺ 10 മുതൽ 25 വരെ പറിച്ചുനടീൽ പൂർത്തിയാക്കണം. ജൂൺ 10നുള്ളിൽ കാലവർഷം സജീവമായില്ലെങ്കിൽ അണക്കെട്ടുകളിൽനിന്ന് കനാൽ വഴി വെള്ളം തുറന്നുവിടും. സെപ്റ്റംബർ അവസാന ആഴ്ച മുതൽ ഒക്ടോബർ രണ്ടാം ആഴ്ചക്കുള്ളിൽ കൊയ്‌ത്ത് പൂർത്തിയാക്കുന്ന വിധം വിള ക്രമീകരിക്കാനും ധാരണയായി.
രണ്ടാം വിള ഒരുക്കം ഒക്ടോബറിലാണ് തുടങ്ങുക. ഇതിനായി ഒക്ടോബർ 15 മുതൽ 30 വരെ ഞാറ്റടി തയാറാക്കാം. സമയബന്ധിതമായി നടീൽ പൂർത്തിയാക്കിയാൽ ജനുവരിയിൽ കതിരിൽ പാലുറക്കാൻ തുടങ്ങും. തുടർന്ന് 30 ദിവസത്തിൽ മൂപ്പെത്തും. ഫെബ്രുവരി അവസാനം കൊയ്യാനാകും. നിലമൊരുക്കാനും ഞാറ്റടി തയാറാക്കാനും നടീലിനുമൊക്കെ വെള്ളം എത്തിക്കും.
പ്രത്യുൽപാദനകാലം കഴിഞ്ഞു പാലുറക്കാൻ തുടങ്ങിയാൽ പിന്നെ പാടങ്ങളിൽനിന്ന് വെള്ളം ഒഴിവാക്കാം. അണക്കെട്ടിലെ വെള്ളത്തിന്‍റെ അളവ് അടിസ്ഥാനപ്പെടുത്തി ഞാറ്റടി തയാറാക്കാനും പറിച്ചു നടുന്ന സമയത്തും തുടർന്ന് പാലുറക്കുന്നതു വരെയുള്ള 105 ദിവസവും വെള്ളം ലഭ്യമാക്കും. ഫെബ്രുവരി ആദ്യയാഴ്ച വരെ അണക്കെട്ടിൽ നിന്ന് നെൽകൃഷി ജലസേചനത്തിനായി ജല വിതരണം നടത്താനും യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ കലക്ടർ മൃൺമയി ജോഷി അധ്യക്ഷയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.