കൃഷി വെള്ളത്തിൽ മുങ്ങി; നെല്ല് കൊയ്തെടുക്കാനാകാതെ കർഷകർ
text_fieldsലക്കിടി: കനത്ത മഴയിൽ നെൽകൃഷി വെള്ളം മൂടിയതോടെ വിളഞ്ഞ നെല്ല് കൊയ്തെടുക്കാനാകാതെ കർഷകർ ദുരിതത്തിൽ. മുളഞ്ഞൂർ കുണ്ടിൽ പാടശേഖരത്തിലെ 15 കർഷകരാണ് കൊയ്ത് യന്ത്രം ഇറക്കി കൊയ്തെടുക്കാനാകാതെ വലയുന്നത്. രണ്ടു ദിവസം മുമ്പ് കൊയ്തെടുക്കേണ്ടതായിരുന്നെങ്കിലും വേനൽ മഴയാണ് കർഷകരെ ചതിച്ചത്. മുട്ടോളം വെള്ളത്തിലാണ് കൃഷി മുങ്ങി കിടക്കുന്നത്. പാടശേഖരത്തിലെ 25 ഏക്കർ നെൽകൃഷി രണ്ടാം വിള കൊയ്തെടുക്കാനുണ്ട്.
സുന്ദരൻ, ഗോവിന്ദൻകുട്ടി, രാധാകൃഷ്ണൻ, ജാനകി പട്ടത്യാർ, ശ്യാമള എന്നിവരുടെ കൃഷി പൂർണമായി വെള്ളത്തിലാണ്. കാട്ടുപന്നി ശല്യവും വ്യാപകമാണ്. വെള്ളം നിറഞ്ഞതിനാൽ ഇനി അധിക തുക നൽകി ആളെ എത്തിച്ച് വേണം കൊയ്തെടുക്കാൻ. പുതിയ കൊയത് യന്ത്രം വാങ്ങിക്കാൻ ഗ്രാമപഞ്ചായത്ത് നടപടി വേണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
വയ്ക്കോൽ വെള്ളത്തിൽ; മഴ കർഷകന് സമ്മാനിച്ചത് ഇരുട്ടടി
ഒറ്റപ്പാലം: കൊയ്ത്തിന് പിറകെ അപ്രതീക്ഷിതമായി പെയ്ത പെരുമഴ നെൽകർഷകർക്ക് കനത്ത ഇരുട്ടടിയായി. കൊയ്ത്ത് നടന്നുകൊണ്ടിരിക്കെ കഴിഞ്ഞ ദിവസം പൊടുന്നനെ പെയ്ത മഴയാണ് കർഷകർക്ക് അധിക ബാധ്യത സൃഷ്ടിച്ചത്.വിളവെടുപ്പിന് പാകമായ പാടശേഖരങ്ങളിൽ യന്ത്രമിറക്കി വ്യാപകമായി കൊയ്ത്ത് നടത്തിവരുകയാണ്. വയ്ക്കോൽ ഉണക്കിയെടുക്കാൻ പാടശേഖരങ്ങളിൽതന്നെ നിക്ഷേപിക്കുന്നതാണ് കർഷകരുടെ പതിവ്.
ഇങ്ങനെ നീക്കം ചെയ്യാതിരുന്ന വയ്ക്കോലാണ് മഴയിൽ വെള്ളത്തിലായത്. വെള്ളത്തിലായ വയ്ക്കോൽ പൂപ്പൽ ബാധിക്കുമെന്നതിനാൽ ഉണക്കിയെടുത്താലും ആവശ്യക്കാരെ കിട്ടാൻ പ്രയാസമാണ്. ഉണങ്ങുന്ന മുറക്ക് മെഷിൻ എത്തി വയ്ക്കോൽ ചുരുട്ടിയാണ് വിൽപന നടത്താറുള്ളത്. വയ്ക്കോൽ വിറ്റുകിട്ടുന്ന പണം കൃഷിച്ചെലവിലേക്ക് വകയിരുത്താറാണ് മിക്ക കർഷകരുടെയും രീതി.
വ്യാപകമായി വയ്ക്കോൽ അഴുകിനശിച്ച സാഹചര്യത്തിൽ വരുംദിവസങ്ങളിൽ മേഖലയിൽ കടുത്ത വയ്ക്കോൽ ക്ഷാമം നേരിടുമെന്നതാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.