സിയാൽ മാതൃകയിൽ അഗ്രോ ബിസിനസ് കമ്പനി ജനുവരിയിൽ -മന്ത്രി പി. പ്രസാദ്
text_fieldsകൊല്ലങ്കോട്: കാർഷിക ഉൽപന്നങ്ങളുടെ മൂല്യവർധനക്കും വിപണനത്തിനുമായി കൊച്ചി വിമാനത്താവള കമ്പനിയുടെ മാതൃകയിലുള്ള അഗ്രോ ബിസിനസ് കമ്പനി ജനുവരിയിൽ പ്രവർത്തനമാരംഭിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. 2109 കോടി അടങ്കലിൽ സംസ്ഥാനത്ത് രൂപവത്കരിക്കാൻ ഒരുങ്ങുന്ന മൂല്ല്യവർധിത കൃഷി മിഷന്റെ ഭാഗമാണ് കമ്പനി. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം സംരംഭമെന്ന് എ.ഐ.ടി.യു.സി ദേശീയ സമ്മേളന ഭാഗ മായി വടവന്നൂരിൽ നടന്ന തൊഴിലാളി - കർഷക ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മന്ത്രി പറഞ്ഞു.
കർഷകന്റെയും തൊഴിലാളിയുടെയും ജീവിതത്തിൽ മാറ്റമുണ്ടാക്കുകയാണ് മൂല്യവർധിത കൃഷി മിഷൻ ലക്ഷ്യമിടുന്നത്. മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാങ്കേതിക സഹായം, വിപണനശൃംഖല വികസിപ്പിച്ചെടുക്കാനുള്ള സഹായം എന്നിവ ലഭ്യമാകും. മുഖ്യമന്ത്രി ചെയർമാനായി ക്ഷീര, മൃഗസംരക്ഷണം,ഫിഷറീസ്, തദ്ദേശ സ്വയം, ജലസേചനം തുടങ്ങി 11 വകുപ്പുകൾ കൃഷി വകുപ്പ് നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി പ്രസാദ് പറഞ്ഞു.
കടബാധ്യതയിൽ കർഷകന്റെ നട്ടെല്ല് തകരുമ്പോൾ കേന്ദ്രം കുത്തകകളെ സഹായിക്കുകയാണ്. 2019 വരെ 3.64 ലക്ഷം കർഷകർ ആത്മഹത്യ ചെയ്തു. ശേഷം കർഷക ആത്മഹത്യയുടെ കണക്കെടുപ്പ് കേന്ദ്രം നിർത്തിവെച്ചു. കേരളത്തിലെ കർഷകർക്ക് ഒരു പൈസ പോലും കേന്ദ്രം നൽകുന്നില്ല. കത്തെഴുതിയിട്ടും കൂടിക്കാഴ്ച നടത്തിയിട്ടും കാര്യമുണ്ടായില്ല.
കേന്ദ്ര രാസവളം കേന്ദ്ര നയം ഉദാരമാക്കണമെന്നും കൃഷിയിറക്കുമ്പോൾ രാസവള ക്ഷാമം ഉണ്ടാവാതിരിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നെല്ല് സംഭരണത്തിന് നിലവിൽ 28.20 രൂപ നൽകുന്നുണ്ട്. ഇതിൽ കാലോചിത മാറ്റമുണ്ടാകും. . ഒരു തെങ്ങിൽ നിന്ന് 70 നാളികേരം വരെ സംഭരിക്കാൻ തീരുമാനമായതായും മന്ത്രി കൂട്ടിച്ചേർത്തു. എ.ഐ.ടി.യു.സി ജില്ല കൗൺസിൽ പ്രസിഡൻറ് പി. ശിവദാസൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.