കർഷകർക്ക് അത്താണിയാവാൻ അഗ്രോ പാർക്ക്
text_fieldsകേരളശ്ശേരി: വിഷരഹിത സ്വാശ്രയ കാർഷിക ഗ്രാമം ലക്ഷ്യമാക്കി തടുക്കശ്ശേരി സർവിസ് സഹകരണ ബാങ്ക് അഗ്രോ പാർക്ക് ആരംഭിക്കുന്നു. ബാങ്കിന്റെ കാർഷിക സേവന കേന്ദ്രത്തിന്റെ കീഴിലുള്ള നല്ലഭക്ഷണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഗുണ മേന്മയുള്ള വിഷരഹിത പച്ചക്കറികൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയും കർഷകർക്ക് ന്യായവില ഉറപ്പാക്കുകയുമാണ് കാർഷിക ഉൽപന്ന സംഭരണ കേന്ദ്രം അഥവാ അഗ്രോ പാർക്ക് ലക്ഷ്യമാക്കുന്നത്.
സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ 10 ലക്ഷം സബ്സിഡിയോട് കൂടിയാണ് ഗ്രാമീണ മാർക്കറ്റിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുക. കാർഷിക മേഖലയിലെ ഉൽപാദന വർധനവിനും അതുവഴി മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനും അവയുടെ വിപണന സൗകര്യത്തിനുമായാണ് കാർഷിക ഉൽപന്ന സംഭരണ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. നിലവിൽ പ്രാദേശികമായി കർഷകർ ഉൽപ്പാദിപ്പിക്കുന്ന വിവിധ പച്ചക്കറികളും, പച്ചതേങ്ങ സംഭരണവുമാണുള്ളത്.
-നിലവിൽ തടുക്കശ്ശേരി കോക്കനട്ട് ഓയിൽ എന്ന പേരിൽ വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്നുണ്ട്. ഭാവിയിൽ നാളികേരത്തിന്റെ വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ കൂടി വിപണിയിൽ എത്തിക്കും. ഡോ. പി. ജയദാസൻ പ്രസിഡന്റും എം.പി. വിജയകുമാരി സെക്രട്ടറിയുമായ ഭരണസമിതിയാണ് ബാങ്കിന്റെ വൈവിധ്യവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. തിങ്കളാഴ്ച വൈകീട്ട് 3.30ന് കാർഷിക ഉൽപന്ന സംഭരണ കേന്ദ്രം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.