പനയമ്പാടത്ത് എ.ഐ കാമറ മിഴി തുറന്നു; ഒരാഴ്ചക്കകം 452 നിയമലംഘനം
text_fieldsപനയമ്പാടം വളവിൽ സ്ഥാപിച്ച എ.ഐ കാമറ
കല്ലടിക്കോട്: വാഹനാപകട മരണങ്ങൾക്ക് ഖ്യാതി കേട്ട പാലക്കാട് -കോഴിക്കോട് ദേശീയപാതയിലെ കരിമ്പക്കടുത്ത് പനയമ്പാടം വളവിൽ ഒരാഴ്ച കാലയളവിൽ ഉണ്ടായത് 452 ട്രാഫിക് നിയമലംഘനങ്ങൾ.
ഫെബ്രുവരി 21 മുതൽ 27 വരെയുള്ള ദിവസങ്ങളിലെ കണക്കുകൾ പ്രകാരമാണിത്.
2024 ഡിസംബർ 12ന് പനയമ്പാടത്ത് വാഹനാപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ രണ്ടിടങ്ങളിൽ എ.ഐ കാമറകൾ സ്ഥാപിച്ചിരുന്നു.
പനയമ്പാടത്തും ദുബായ് കുന്നിലും സ്ഥാപിച്ച കാമറകളിലാണ് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
സീറ്റ് ബെൽറ്റ് ധരിക്കാത്ത ഡ്രൈവർമാർ 256, സഹയാത്രികർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് 113, മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവിങ് - നാല്, ഹെൽമറ്റ് ധരിക്കാത്തവർ - 40, ഹെൽമറ്റ് ധരിക്കാത്ത കൂടെ യാത്ര ചെയ്യുന്നവർ -39 എന്നിങ്ങനെയാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.വൈദ്യുതി മന്ത്രിയുടെ നിർദേശപ്രകാരം രൂപവത്കരിച്ച മോട്ടോർ വാഹന വകുപ്പ്, പൊലീസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന സമിതി നൽകിയ ശിപാർശ പ്രകാരം കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ആക്ഷൻ പ്ലാൻ തയാറാക്കിയിരുന്നു. ഇതുപ്രകാരമാണ് ട്രാഫിക് നിയമലംഘനങ്ങൾ തടയാൻ എ.ഐ കാമറ സ്ഥാപിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.