എ.ഐ കാമറ: പുലിവാൽ പിടിച്ച് 1994ന് മുമ്പുള്ള വാഹനങ്ങളുടെ ഉടമകൾ
text_fieldsപാലക്കാട്: എ.ഐ കാമറകൾ നിരത്തുകളിൽ നിരീക്ഷണമേറ്റെടുത്തതോടെ അക്ഷരാർഥത്തിൽ പുലിവാൽ പിടിച്ചത് വിന്റേജടക്കം പഴയ വാഹന ഉടമകളാണ്. 1994ന് മുമ്പുള്ള വാഹനങ്ങൾ പലരും ഇപ്പോഴും കൃത്യമായി പരിപാലിച്ച് ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇവയിൽ ഭൂരിഭാഗത്തിനും സീറ്റ് ബെൽറ്റ് സംവിധാനമില്ല. പലരുടെയും ശേഖരത്തിൽ 50 മുതൽ 70 വരെ വർഷം പഴക്കമുള്ള വാഹനങ്ങളുണ്ട്. എ.ഐ കാമറ വന്നതോടെ ഇത്തരം വാഹനങ്ങൾ പ്രദർശനാവശ്യങ്ങൾക്കു പോലും റോഡിലൂടെ ഓടിച്ച് കൊണ്ടുപോകാനാവാത്ത സ്ഥിതിയാണെന്ന് ഇവർ പറയുന്നു.
കേന്ദ്ര മോട്ടോർ വെഹിക്കിൾ ചട്ടം 1989ൽ സീറ്റ് ബെൽറ്റ് നിഷ്കർഷിച്ചിരുന്നില്ല. ഗതാഗത -ഹൈവേ മന്ത്രാലയം 1993 മാർച്ച് 26ന് ഇറക്കിയ ഗസറ്റ് നോട്ടിഫിക്കേഷനിലാണ് നാലുചക്ര യാത്രവാഹനങ്ങളിൽ സീറ്റ് ബെൽറ്റുകൾ നിർബന്ധമാക്കിയത്. 1994 മാർച്ച് 26 വരെ നിർമിച്ച വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമല്ലെന്നും മന്ത്രാലയം വ്യക്തത വരുത്തിയിരുന്നു. വാഹന നിർമാണ സമയത്തുതന്നെ നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ചാണ് സീറ്റ് ബെൽറ്റുകളും ക്രമീകരിക്കുക. അംഗീകൃത ഏജൻസികൾ ഇവയുടെ പ്രവർത്തനം വിലയിരുത്തി അംഗീകാരവും നൽകും. ഇല്ലാത്ത വാഹനങ്ങളിൽ സീറ്റ്ബെൽറ്റ് സ്വന്തമായി ക്രമീകരിക്കുന്നത് സുരക്ഷക്ക് പകരം അപകടം ക്ഷണിച്ചുവരുത്തുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
റോഡിലിറങ്ങിയാൽ എ.ഐ കാമറകൾ പകർത്തുന്ന ദൃശ്യങ്ങളിൽ സീറ്റ് ബെൽറ്റിടാത്തതിന് പിഴ ഉറപ്പാണ്. പിഴ അടക്കാനുള്ള നിർദേശത്തിൽ അപ്പീൽ നൽകിയാൽ തങ്ങളെ ഒഴിവാക്കുമെന്നിരിക്കെ ദൈനംദിന സഞ്ചാരത്തിന് ഇവ ഉപയോഗിക്കുന്നതിനിടെ ലഭിക്കുന്ന പിഴ രസീതുകൾക്കോരോന്നിനും അപ്പീലുകൾ നൽകുന്നതിലെ ഗതികേടാണ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നത്.
സംസ്ഥാനത്ത് 1994ന് മുമ്പ് രജിസ്റ്റർ ചെയ്തതും സീറ്റ് ബെൽറ്റ് സംവിധാനമില്ലാത്തതുമായ ആയിരക്കണക്കിന് വണ്ടികൾ ഉപയോഗത്തിലുണ്ടെന്ന് പാലക്കാട് ചന്ദ്രനഗർ സ്വദേശി രാജേഷ് അംബാൾ, കഞ്ചിക്കോട് സ്വദേശി നവീൻ എന്നിവർ പറഞ്ഞു. ഇരുവർക്കും സ്വന്തമായി നൂറുകണക്കിന് വിന്റേജ് കാറുകളുടെ ശേഖരമുണ്ട്. എന്നാൽ, നിലവിൽ അപ്പീൽ നൽകുക മാത്രമാണ് പോംവഴിയെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.