അകത്തേത്തറ മേൽപാലം:ടെൻഡർ അടുത്ത മാസം
text_fieldsപാലക്കാട്: അകത്തേത്തറ നടക്കാവിൽ റെയിൽവേ മേൽപാല നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ ആരംഭിച്ചു. ആഗസ്റ്റ് 30ന് മുമ്പായി കെട്ടിടങ്ങൾ മാറ്റണം. ടെൻഡർ സെപ്റ്റംബർ മൂന്നിന് തുറക്കും. ആ മാസം തന്നെ പണി ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷനാണ് നിർമാണച്ചുമതല.
സ്ഥലമെടുപ്പ് പൂർത്തിയാക്കി പ്രവൃത്തി ആർ.ബി.ഡി.സി.കെയെ ഏൽപിച്ചാൽ 18 മാസത്തിനകം പണി പൂർത്തിയാക്കാമെന്നാണ് ഉറപ്പ്. 2017ൽ ഒക്ടോബറിലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. എന്നാൽ, സ്ഥലം ഏറ്റെടുക്കലിലെ കാലതാമസം പദ്ധതി നീണ്ടുപോകാൻ കാരണമായി. റെയിൽപാതക്ക് കുറുകെ രണ്ടുവരിപ്പാതയായി 10.90 മീറ്റർ വീതിയിലും 690 മീറ്റർ നീളത്തിലുമാണ് നിർമാണം. കല്ലേകുളങ്ങര ആർച്ച് മുതൽ ആണ്ടിമഠം വരെയാണ് പാലം.
ഒലവക്കോട് മലമ്പുഴ പാതയിൽ ഏറെ ഗതാഗത തിരക്കുള്ള മേഖലയാണ് നടക്കാവ് റെയിൽവേ ഗേറ്റ്. നിരവധി ട്രെയിനുകൾ പോകുന്ന ഇവിടെ ഭൂരിഭാഗം സമയവും ഗേറ്റ് അടച്ചിടേണ്ടിവരും. ഇതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്. ഗേറ്റിൽ കുരുങ്ങി കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ നിരവധി ആളുകൾ മരിച്ചിട്ടുണ്ട്. ഇതിനാൽ ഇവിടെ മേൽപാലം വേണമെന്നുള്ളത് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമാണ്. കിഫ്ബയിൽ ഉൾപ്പെടുത്തി 38 കോടി രൂപയാണ് പാലം നിർമാണത്തിന് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.