വിജയഗാഥയുമായി അൽ-അമീൻ ഫാം
text_fieldsപത്തിരിപ്പാല: കോവിഡ്കാലത്ത് തൊഴിലുകൾ പാടെ നിലച്ചതോടെയാണ് നാലു വർഷം മുമ്പ് ഈണം കുടുംബശ്രീ യൂനിറ്റിന്റെ നേതൃത്വത്തിൽ മങ്കര പഞ്ചായത്തിലെ വെള്ള റോഡിൽ മൂന്നുപേരടങ്ങുന്ന സംഘം അൽഅമീൻ എന്ന പേരിൽ മിനിഫാം ആരംഭിച്ചത്. കുടുംബശ്രീയിൽനിന്ന് മൂന്ന് ലക്ഷം രൂപ വായ്പയെടുത്ത് പത്ത് ആടുകളെയും ഒരു പശുവിനെയും പത്തോളം കോഴികളെയും വാങ്ങിയായിരുന്നു തുടക്കം. ഫാമിനകത്ത് ആട്ടിൻകൂട്, കോഴിക്കൂട്, തൊഴുത്ത് എന്നിവയും കൂട്ടായ്മയിൽ ഒരുക്കി.
കുടുംബശ്രീയിലെ സാബിദ, മുംതാസ്, നസീമ എന്നിവരുടെ കൂട്ടായ്മയിലാണ് മിനിഫാം തുടങ്ങിയത്. പത്ത് ആടുകളെ കൊണ്ട് തുടങ്ങിവെച്ച ഫാമിൽ ഇന്ന് 55 ലേറെ ആടുകളുണ്ട്. ഒരു കറവപ്പശു ഉള്ളിടത്ത് എട്ടോളം പശുക്കളും. കൂടാതെ 300ലേറെ വിവിധതരം കോഴികളെയും വളർത്തുന്നു. പശുക്കൾക്കാവശ്യമായ തീറ്റപ്പുല്ലും ഇവിടെ സമൃദ്ധമാണ്. ആവശ്യക്കാർക്ക് മുട്ട വിൽപന നടത്തുന്നുണ്ട്.
കൂടാതെ, ആടുകളെയും കോഴികളെയും വിൽപന നടത്തിവരുന്നു. ഒരു ദിവസം 35 ലിറ്ററോളം പാൽ ക്ഷീരസംഘത്തിലേക്ക് നൽകുന്നുണ്ട്. കുടുംബശ്രീയിൽനിന്ന് വായ്പയെടുത്ത തുകയെല്ലാം കൃത്യമായി തിരിച്ചടച്ചു. മികച്ച പ്രവർത്തനം കാഴ്ചവെച്ച കുടുംബശ്രീയെ മങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ്, കുടുംബശ്രീ ചെയർപേഴ്സൻ വിനീത, വാർസംഗം കെ.വി. രാമചന്ദ്രൻ എന്നിവർ ഫാമിലെത്തി അഭിനന്ദിച്ചിരുന്നു.
പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും എല്ലാവിധ സഹായ സഹകരണങ്ങളും ഇവർക്ക് നൽകിവരുന്നുണ്ട്. ഒരു മാസം അര ലക്ഷത്തിലേറെ രൂപ വരുമാനം ലഭിക്കുന്നുണ്ടന്ന് കുടുംബശ്രീ അംഗങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.