സ്കൂളിലെ ഒന്നാം ബാച്ച്, എൺപതിലും മുടങ്ങാതെ ഒരുമിച്ച്
text_fieldsഅലനല്ലൂർ: എൺപതാം വയസ്സിലും സഹപാഠികളുടെ സംഗമം നടത്തുകയാണ് എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹൈസ്കൂളിലെ ഒന്നാമത്തെ എസ്.എസ്.എൽ.സി ബാച്ച്. 1963ൽ പത്താം തരം ബാച്ചിൽ 11 പേരായിരുന്നു. അതിൽ മൂന്ന് പേർ മരണപ്പെട്ടു. ബാക്കിയുള്ള എട്ട് പേരും 80 വയസിന്റെ നിറവിൽ വലിയ ആരോഗ്യ പ്രശ്നങ്ങളില്ലാതെ കഴിയുന്നു. ഇവരെ പഠിപ്പിച്ച അധ്യാപകരിലൊരാളായ ഹരിദാസ് മാത്രമാണ് ജീവിച്ചിരിക്കുന്നത്.
2010ലാണ് ആദ്യ സംഗമം സംഘടിപ്പിച്ചത്. തുടർന്ന് സൗഹൃദം പുതുക്കാൻ ഇവരുടെ വീടുകളിൽ വിശേഷ ചടങ്ങുകൾ ഉണ്ടാവുമ്പോഴെല്ലാം കൂടിച്ചേരൽ പതിവാക്കി. സ്കൂളിൽനിന്ന് പിരിഞ്ഞ് 63 വർഷങ്ങൾക്കുശേഷവും സൗഹൃദത്തിന്റെ കണ്ണികൾ പൊട്ടാതെ കാക്കുകയാണ് ഈ ബാച്ച്. സഹപാഠി വി. മെയ്തീന്റെ മകന്റെ വീടുതാമസത്തിന്റെ വിരുന്നിലാണ് ഇപ്പോഴത്തെ സംഗമം നടന്നത്.
എഴ് പേരാണ് സംഗമത്തിലെത്തിയത്. ബിരിയക്കുട്ടി, മറിയകുട്ടി, അബ്ദു എളംപിലായായി, കരുവള്ളി അബ്ദുല്ല, എൻ.കെ. മമ്മത്, മഠത്തൊടി സൽമ, മൊയ്തീൻ എന്നിവരാണ് പങ്കെടുത്തത്. വയനാട്ടിൽ താമസിക്കുന്ന പാത്തുമ്മാക്ക് എത്താൻ കഴിഞ്ഞില്ല. പത്താം തരത്തിലുണ്ടായിരുന്ന തങ്കായത്തിൽ ഉണ്ണീൻകുട്ടി, വി. മുഹമ്മദ്, പെരുവമ്പലൻ മുഹമ്മദ് എന്നിവരാണ് മരണപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.