എടത്തനാട്ടുകര ചുണ്ടോട്ടുകുന്ന് ഗവ. എൽ.പി സ്കൂളിലെ ക്ലാസ് മുറിയോട് ചേർന്ന് മരക്കൊമ്പ് പൊട്ടി വീണു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
text_fieldsഅലനല്ലൂർ: ചുണ്ടോട്ടുകൊന്ന് ഗവ. എൽ.പി സ്കൂൾ മുറ്റത്തെ ഈട്ടിമരത്തിന്റെ കൊമ്പ് പൊട്ടി വീണു. മരച്ചുവട്ടിൽ കുട്ടികൾ ഇല്ലാത്തതിന്നാൽ വൻ ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാവിലെ 10ന് ശേഷം അസംബ്ലിക്കായി കുട്ടികൾ ക്ലാസ് മുറിയിൽനിന്ന് മൈതാനത്തേക്ക് പുറപ്പെട്ടപ്പോഴാണ് സംഭവം. മരം പൊട്ടിവീഴുന്ന സമയം വൈദ്യുത ലൈനിൽനിന്ന് തീയും പുകയും കണ്ട് കുരുന്നുകളിൽ പലരും പേടിച്ച് കരഞ്ഞു.
മരക്കൊമ്പ് സ്കൂൾ കെട്ടിടത്തിന് ചാരി വീണത് കൊണ്ട് കെട്ടിടത്തിന് തകരാർ സംഭവിച്ചില്ല. സ്കൂൾ കോബൗണ്ടിലെ കാലപഴക്കം ചെന്ന നിരവധി മരങ്ങൾ ദ്രവിച്ച് അപകട ഭീഷണിയിലാണ്. മാസങ്ങൾക്ക് മുമ്പും ഈ സ്കൂൾ മുറ്റത്ത് മരക്കൊമ്പ് പൊട്ടി വീണിരുന്നു. ഇതേത്തുടർന്ന് മരത്തണലിലേക്ക് കുട്ടികളെ അധ്യാപകർ കളിക്കാൻ വിടാറില്ല.
അപകട ഭീഷണിയായ മരങ്ങൾ മുറിച്ച് മാറ്റാൻ നിരവധി തവണ അലനല്ലൂർ പഞ്ചായത്തിന് പരാതി നൽകിയിട്ടുണ്ട്. മരം മുറിക്കാൻ പഞ്ചായത്ത് തീരുമാനമെടുത്ത് വനം വകുപ്പിന് അറിയിച്ചിട്ടുമുണ്ട്. ഓരോ പരാതിക്കുള്ള മറുപടികൾ സ്കൂളിലെ അലമാരയിൽ കെട്ടിക്കിടക്കുകയാണെന്ന് പ്രധാനാധ്യാപിക എം. റസിയാ ബീഗം അറിയിച്ചു.
പഞ്ചായത്ത് മരം മുറിക്കുന്നതിനുള്ള തീരുമാനം പലതവണ വനം വകുപ്പിനെ അറിയിച്ചിട്ടും വനം വകുപ്പ് നടപടി എടുക്കാത്തതാണ് വിനയായത്. സ്കൂളിന് സമീപം താമസിക്കുന്ന കൂരിക്കാടൻ സാജിദ് തന്റെ വീടിന് ഭീഷണിയായ സ്കൂൾ മുറ്റത്തെ മരങ്ങൾ മുറിച്ച് മാറ്റാനുള്ള പരാതിയും അധികാരികൾക്ക് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.