ആലത്തൂർ നെല്ലുവില കർഷകർക്ക് അക്കൗണ്ട് വഴി നല്‍കണം
text_fieldsആലത്തൂർ: കര്‍ഷകർക്കുള്ള നെല്ലുവില ബാങ്ക് അക്കൗണ്ടിലേക്ക് നൽകാൻ സർക്കാർ നിർദേശം നൽകണമെന്ന് താലൂക്ക് വികസന സമിതി യോഗം അഭ്യർഥിച്ചു. നിലവില്‍ മൂന്ന് ബാങ്കുകള്‍ മുഖേന ആ ബാങ്കിലെ അക്കൗണ്ടിലൂടെ മാത്രം തുക നല്കുന്ന വിധമാണ് നിർദേശം.
ഇത് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. ബാങ്കുകള്‍ മുഖേന പി.ആർ.എസിന്റെ ഈടില്‍ നെല്ലുവില വായ്പയായി നൽകുന്നത് കർഷകർക്ക് പിന്നീട് വിനയാകുമെന്നും അംഗങ്ങൾ ഉന്നയിച്ചു.
ജൂണ്‍ അഞ്ചിനകം ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ ശുചീകരിക്കണം, സര്‍ക്കാര്‍ ഓഫിസുകളുടെ ശുചീകരണവുമായി ബന്ധപ്പെട്ടുള്ള ക്ലസ്റ്റര്‍ ഹെഡുകളുടെ നിര്‍ദേശം ഉദ്യോഗസ്ഥര്‍ കൃത്യമായി പാലിക്കണം, മാലിന്യമുക്ത നവകേരളം പദ്ധതി, ബ്യൂട്ടി ആലത്തൂര്‍ എന്നിവയുടെ ഭാഗമായി താലൂക്കിന് കീഴിലെ തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും തഹസിൽദാർ പി.ജനാർദനൻ അറിയിച്ചു.
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി പിഴ ഈടാക്കണം, സി.സി.ടി.വി സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള കൂട്ടായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അധ്യക്ഷത വഹിച്ച കുഴല്‍മന്ദം പഞ്ചായത്ത് പ്രസിഡന്റ് മിനി നാരായണന് പറഞ്ഞു.
സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധന നടത്തുക, സ്കൂള്‍ സമയങ്ങളില്‍ വലിയ ഭാര വാഹനങ്ങള്‍ നിയന്ത്രിക്കുക, സ്കൂളുകളില്‍ അധ്യാപകര്‍ എത്താന്‍ വൈകുന്ന സാഹചര്യം ഒഴിവാക്കുക, ലഹരി ഉപയോഗം തടയുന്നതിനായി വിദ്യാലയ പരിസരത്ത് പരിശോധന നടത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റുമാരായ എ. ഷൈനി, ടി. വത്സല, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. ജയചന്ദ്രന്, താലൂക്ക് തല വകുപ്പ് മേധാവികള്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.