മുതിർന്ന പൗരൻമാർക്ക് മിസ് കോളിലൂടെ ബാങ്കിങ് സേവനം
text_fieldsഅലനല്ലൂര്‍: മിസ്കോളിലൂടെ ബാങ്കിങ് സേവനം വീട്ടിലെത്തിക്കുന്ന നൂതന പദ്ധതിയുമായി അലനല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്ക്. മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്കായാണ് ആദ്യഘട്ടത്തില്‍ പദ്ധതി പരിമിതപ്പെടുത്തിയിട്ടുള്ളതെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
മുതിര്‍ന്ന പൗരന്മാര്ക്കാണ് കൂടുതല്‍ പരിഗണന. എസ്.ബി അക്കൗണ്ട് തുറക്കല്‍, പണം പിന്‍വലിക്കല്‍, വായ്പ തുടങ്ങിയ സേവനങ്ങളടക്കം ലഭ്യമാകും. എ.എ.സ്.സി.ബി ഹിയര്‍ ആന്‍ഡ് കെയര്‍ എന്ന പേരിലാണ് പദ്ധതി ആരംഭിക്കുന്നത്.
സേവനങ്ങള്‍ക്കായി 7012285853 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്കിയാല് ബാങ്ക് ജീവനക്കാര്‍ തിരിച്ചുവിളിച്ച് സേവനം ഉറപ്പുവരുത്തും. അലനല്ലൂരിലെ ഹെഡ് ഓഫിസിന് പുറമെ എടത്തനാട്ടുകര, കര്‍ക്കിടാംകുന്ന്, മാളിക്കുന്ന് എന്നീ ബ്രാഞ്ചുകളില്‍ ഈ സേവനം ലഭ്യമാകും. വെള്ളിയാഴ്ച രാവിലെ 10ന് ബാങ്ക് ഹാളില്‍ എന്‍. ഷംസുദ്ദീന് എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ക്ലാസ് വണ്‍ സൂപ്പര്‍ഗ്രേഡ് ബാങ്കാണ് അലനല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്ക്. ബാങ്കിങ് സേവനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. ആലുങ്ങൽ കേന്ദ്രീകരിച്ച് കാര്‍ഷികോല്‍പ്പന്ന സംഭരണ കേന്ദ്രവും കാര്‍ഷിക ഉപകരണങ്ങള്‍ വാടകക്ക് ലഭ്യമാകുന്ന കേന്ദ്രവും ആരംഭിക്കാനുള്ള നടപടികളായി. നബാര്‍ഡിന്റെ അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചറല്‍ ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുക.
കഴിഞ്ഞസാമ്പത്തിക വര്‍ഷം ബാങ്ക് ആരംഭിച്ച നോണ്‍ ബാങ്കിങ് സംവിധാനങ്ങളെല്ലാം ലാഭകരമായാണ് മുന്നോട്ടുപോകുന്നത്. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരന്തബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്കാന് തീരുമാനിച്ചിട്ടുണ്ട്.
വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് പി.പി.കെ. മുഹമ്മദ് അബ്ദുറഹ്മാന്, സെക്രട്ടറി പി. ശ്രീനിവാസന്, ഭരണസമിതി അംഗങ്ങളായ കെ.എ. സുദര്ശനകുമാര്, ടി. രാജാകൃഷ്ണന്, എം. ശ്രീജ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.