ബസ് കാത്തുകാത്ത് ചളവ, പൊൻപാറ നിവാസികൾ
text_fieldsഅലനല്ലൂർ: അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയായ ചളവ, പൊൻപാറ പ്രദേശങ്ങളിലേക്കുള്ള സ്വകാര്യ ബസുകൾ മിക്കതും സർവിസ് നിർത്തിയിട്ട് വർഷങ്ങളായി. മലപ്പുറം ജില്ലയോട് ചേർന്നുകിടക്കുന്ന മലയോര പ്രദേശത്ത് പൊതുഗതാഗതം തീരെയില്ല. ഇവിടെയുള്ള ഭൂരിഭാഗം പേരും പൊതുഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. ചളവയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ മലപ്പുറം ജില്ല അതിർത്തിയിൽ വന്നുപോകുന്ന രണ്ട് ബസുകളാണ് ഇവർക്കുള്ള പ്രധാന യാത്രാ മാർഗം.
പൊൻപാറയിലേക്കുള്ള പത്ത് ബസുകളും ചളവയിലേക്കുള്ള അഞ്ച് ബസുകളുമാണ് സർവിസ് നിർത്തിയത്. പൊൻപാറയിലേക്ക് വരുന്ന ബസുകൾ മൂന്ന് കിലോമീറ്റർ അകലെയുള്ള കോട്ടപ്പള്ളയിൽ നിർത്തിയിടുകയാണ് പതിവ്. മതിയായ ബസ് സർവിസുകൾ ഇല്ലാത്തതിനാൽ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ദുരിതം അനുഭവിക്കുകയാണ്. സ്വന്തമായി വാഹനമില്ലാത്തവർ യാത്രാ ആവശ്യങ്ങൾക്ക് സമാന്തര സർവിസിനെ ആശ്രയിക്കേണ്ടി വരുന്നു.
മലയോര പ്രദേശങ്ങളായ മുണ്ടകുളം, ചൂരപ്പട്ട, ചകിടിക്കുഴി, കപ്പി, ഓലപ്പാറ, വട്ടമല തുടങ്ങിയ പ്രദേശങ്ങളിലുള്ള വിദ്യാർഥികൾക്ക് രണ്ടും മൂന്നും കിലോമീറ്റർ മലയിറങ്ങി പൊൻപാറയിലെത്തി ബസ് യാത്ര ചെയ്യേണ്ട സൗകര്യമാണ് ഇല്ലാതായത്. കോട്ടപ്പള്ളയിൽനിന്ന് പൊൻപാറയിലേക്ക് ബസ് സർവിസ് നിലച്ചതോടെ സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിലെ വിദ്യാർഥികൾ നിത്യവും വിദ്യാലയത്തിലേക്കും അവിടെ നിന്ന് വീട്ടിലേക്കും പത്ത് കിലോമീറ്ററിലേറെ നടക്കേണ്ട അവസ്ഥയാണ്.
ബസ് സർവിസ് ലഭിക്കാൻ പൊൻപാറ, ഉപ്പുകുളം, ചളവ എന്നി പ്രദേശങ്ങൾ ഉൾപെടുത്തിയാണ് റൂട്ട് ശരിയാക്കിയിട്ടുള്ളത്. റൂട്ട് കിട്ടിയ കാലത്ത് ബസുകൾ പലതും സർവിസ് നടത്തി പിന്നീട് നിർത്തുകയായിരുന്നു. റുട്ട് കിട്ടിയിട്ട് ഒരു സർവിസ് പോലും നടത്താത്ത ബസുകളും ഉണ്ട്. നാല് ബസുകൾ പ്രദേശത്തേക്ക് ഇപ്പോഴും ഓടുന്നുണ്ട്. നിരവധി തവണ ബസ് സർവിസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി കൊടുത്തെങ്കിലും ഫലം കണ്ടില്ല. ചളവയിൽ ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ രൂപവത്കരിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ഒരു മാസം മുമ്പ് നിവേദനം നൽകിയിരുന്നു. ഇതിന് പുറമെ പെരിന്തൽമണ്ണ ജോയന്റ് ആർ.ടി.ഒക്കും പരാതി സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.