കാട്ടാനശല്യത്തിന് തടയിടാൻ ജൈവവേലി നിർമാണം; അനുമതി നൽകാതെ വനംവകുപ്പ്
text_fieldsഅലനല്ലൂർ: കാട്ടാനശല്യത്തിന് അറുതിവരുത്താൻ ജൈവവേലി നിർമാണം നടത്തണമെന്ന ഒരു പതിറ്റാണ്ടിന്റെ ആവശ്യത്തിന് ഇതുവരെയും വനം വകുപ്പ് അനുമതി നൽകിയില്ല.
2015 മുതൽ നിരവധി തവണ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വനംവകുപ്പിനോടും മറ്റ് അധികാരികളോടും തീരുമാനം അറിയിച്ചെങ്കിലും അതിന് മറുപടി നൽകിയില്ലെന്ന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാലക്കൽ യൂസഫ് പറഞ്ഞു.
കാട്ടാനകൾക്ക് തീറ്റയും കർഷകന് സംരക്ഷണവും ഗ്രാമീണർക്ക് തൊഴിലും ഉറപ്പ് വരുത്താൻ ഉപ്പുകുളം മുതൽ കല്ലടിക്കോട് വരെ വനാതിർത്തിയിൽ നാലുവരി മുള്ള് മുളകളും നാലുവരി പതിമുഖ സസ്യവും വെച്ച് പിടിപ്പിച്ചാൽ കർഷകർക്കും മേഖലയിലെ ജനങ്ങൾക്കും വലിയ ആശ്വാസമാകുമെന്ന തീരുമാനമാണ് ബ്ലോക്ക് പഞ്ചായത്ത് സമർപ്പിച്ചിരുന്നത്.
ഇത് നടപ്പായാൽ സർക്കാർ കർഷകർക്ക് നൽകുന്ന നാശനഷ്ട തുകയും കൃഷിനാശങ്ങളും ഒഴിവാക്കാനാകും.
മണ്ണാർക്കാട് ഗ്രാമപഞ്ചായത്ത് ബ്ലോക്കിലെ അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, തെങ്കര, കാഞ്ഞിരപ്പുഴ, കരിമ്പ ഗ്രാമ പഞ്ചായത്തുകളിലെ ജനങ്ങളും കർഷകരും നിത്യേന കാട്ടാന ശല്യത്താൽ പൊറുതിമുട്ടുകയാണ്. ഭക്ഷണവും വെള്ളവും ലഭിക്കാത്തത് കൊണ്ടാണ് കാട്ടാനകൾ കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങുന്നത്.
പദ്ധതിക്കാവശ്യമായ തൈകളുടെ നഴ്സറിയും തൈകൾ നട്ടുപിടിപ്പിക്കാൻ മൂന്ന് വർഷത്തെ സംരക്ഷണവും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ ലക്ഷകണക്കിന് തൊഴിൽ ദിനങ്ങൾ ലഭിക്കാൻ കഴിയുന്നതോടൊപ്പം മുള, കാട്ടുവള്ളി എന്നിവ ഉപയോഗിച്ച് പാരമ്പര്യ തൊഴിലെടുക്കുന്നവർക്ക് തൊഴിലവസരം ഉണ്ടാക്കാനും ഉപകരിക്കും.
വനം വന്യജീവി വകുപ്പ് മന്ത്രി ഇടപെട്ട് പദ്ധതി നടപ്പാക്കാനാവശ്യമായ നടപടി സീകരിക്കാൻ ആൾ കേരള ഫോർമർ പഞ്ചായത്ത് മെംബേഴ്സ് അസോസിയേഷൻ ജില്ല കമ്മറ്റി വർക്കിങ് പ്രസിഡന്റും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ടി. ഹംസപ്പ നിവേദനം നൽകിയിരുന്നു.
സൗരോർജ വേലി സംരക്ഷിക്കാൻ പഞ്ചായത്തിനോ വനംവകുപ്പിനോ നിലവിൽ നിയമമില്ല. വള്ളികളും മറ്റും പടർന്ന് പിടിക്കുന്നത് തടയാൻ കഴിയാത്തതിനാൽ ഉടനെ സൗരോർജവേലി നശിക്കാനും സാധ്യത കൂടുതലാണ്. സർക്കാർ ലക്ഷകണക്കിന് രൂപ വകയിരുത്തി നിർമിച്ച സോളാർവേലി ഉണ്ടായിട്ടും ആ പ്രദേശങ്ങളിലെല്ലാം കാട്ടാനകൾ ഇറങ്ങുന്നത് തടയാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.