എങ്ങുമെത്താതെ ഉപ്പുകുളം സബ്സെന്റർ നിർമാണം
text_fieldsഅലനല്ലൂർ: ഫണ്ട് വകയിരുത്തിയിട്ടും എങ്ങുമെത്താതെ ഉപ്പുകുളം സബ് സെന്റർ പുനർനിർമാണം. അലനല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ കീഴിലാണ് സബ് സെന്റർ പ്രവർത്തിച്ചിരുന്നത്. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കുമടക്കം ചികിത്സ സഹായം ഇവിടെ നിന്ന് ലഭിച്ചിരുന്നു. പഴയ കെട്ടിടം പൊളിച്ച് നീക്കാൻ പഞ്ചായത്ത് ടെൻഡർ നടപടികൾക്ക് അനുമതി നൽകിയിട്ടില്ല. കെട്ടിടം പൊളിച്ച് മാറ്റാൻ 2022 ജൂലൈ 18ന് തിരുവനന്തപുരത്ത് നിന്ന് ആരോഗ്യ ഡയറക്ടർ രേഖാമൂലം അലനല്ലൂർ ഗ്രാമ പഞ്ചായത്തിന് കത്ത് നൽകിയിരുന്നു.
19,035 രൂപയിൽ കുറയാത്ത തുകക്ക് നിലവിലെ ചട്ടങ്ങൾ പാലിച്ച് ഉപയോഗ്യമല്ലാത്ത ഉപ്പുകുളം സബ് സെന്റർ കെട്ടിടം പൊളിക്കാനാണ് ഉത്തരവ് നൽകിയത്. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും പഞ്ചായത്ത് അനുമതി നൽകാത്തത് മൂലം പുതിയ കെട്ടിടം നിർമിക്കാൻ കഴിയാത്ത അവസ്ഥയാണ്. കെട്ടിടം പൊളിച്ച് മാറ്റാനുള്ള തുകയും പഞ്ചായത്ത് അക്കൗണ്ടിലേക്ക് എത്തിയിട്ട് കാലങ്ങളായി. കെട്ടിടം പുനർ നിർമിക്കാൻ നാഷണൽ ഹെൽത്ത് മിഷൻ 55.5 ലക്ഷം രൂപ വകയിരുത്തിയതിൽ 27,00,750 തുക പഞ്ചായത്തിന് നൽകിയിട്ടുണ്ട്. ബാക്കി തുക നിർമാണം തുടങ്ങിയതിന് ശേഷം 2024ൽ നാഷനൽ ഹെൽത്ത് മിഷൻ പഞ്ചായത്തിന് കൈമാറും.
കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിർമിക്കുന്നത് വരെ സബ് സെന്ററിൽ നിന്നും ലഭ്യമായിരുന്ന സേവനങ്ങൾ തടസ്സമില്ലാതെ നടക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ഉത്തരവിൽ പറഞ്ഞിട്ടുണ്ടെങ്കിലും അതും പ്രാവർത്തികമാക്കിയിട്ടില്ല. 40 വർഷം മുമ്പ് നിർമിച്ച കെട്ടിടം 13 വർഷമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. സബ് സെന്ററിന് പുതിയ കെട്ടിടം നിർമിച്ച് സേവനങ്ങൾ നൽകാൻ നടപടി ഉടനെ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.