തോട്കാട് വെള്ളിയാർ പുഴയിൽ കോസ് വേ: ആവശ്യം ശക്തമാകുന്നു
text_fieldsഅലനല്ലൂർ: തോട്കാട് വെള്ളിയാർ പുഴക്ക് കോസ് വേ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്കൂൾ, മദ്റസ വിദ്യാർഥികളുടെയുൾപ്പെടെ യാത്ര നിലവിൽ അപകടപാതയിലാണ്. പുഴയുടെ ഇരുവശങ്ങളിൽ താമസിക്കുന്നവർ മൃതദേഹങ്ങൾ ശ്മശാനങ്ങളിലെത്തിക്കാനും പ്രയാസപ്പെടുന്നു. പതിറ്റാണ്ടോളമായി കാത്തിരിക്കുന്ന പ്രദേശത്തുകാർ ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, കലക്ടർ, മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് തുടങ്ങിയയിടങ്ങളിൽ നിവേദനം നൽകിയിട്ടുണ്ട്. അമ്പലപ്പാറ, ഇരട്ടവാരി, താണിക്കുന്ന് എന്നിവിടങ്ങളിൽ താമസിക്കുന്ന മുസ്ലീംകളുടെ ഖബർസ്ഥാൻ പുഴക്കക്കരെയുള്ള തോട്കാട് ജുമാമസ്ജിദ് പരിസരത്താണ്.
തോട്കാട്, ചൂരിയോട് പ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസി വിഭാഗക്കാരുടെ ശ്മശാനം അമ്പലപ്പാറയിലുമാണ്. 350ലേറെ കുടുംബങ്ങളിലായി 2500 ലധികം പേരാണ് തോട്കാട് ജുമാമസ്ജിദ് മഹല്ലിന് കീഴിലും 21ലേറെ കുടുംബങ്ങൾ ആദിവാസി കോളനികളിലും താമസിക്കുന്നുണ്ട്. താൽക്കാലികമായി പ്രദേശത്ത് നടപ്പാലമുണ്ടെങ്കിലും മഴക്കാലത്ത് നടപ്പാലത്തിലെത്താൻ ഇരുഭാഗത്തും തോണി വേണ്ട അവസ്ഥയാണ്. ത്രിതല പഞ്ചായത്തുകൾ ബഹുവർഷ പദ്ധതിയിൽ ഉൾപ്പെടുത്തി കോസ് വേ നിർമാണം നടത്തണമെന്ന് ഒ. ശിഹാബുദ്ദീൻ, കുഞ്ഞയമ്മദ് വട്ടതൊടി, കെ.ടി. ഹംസപ്പ, സമത്, വി.ടി. ഷംസു, ബിനു, ചെല്ലി, കുറുബി, നിജാസ്, പി.കെ. സക്കീർ, ഖാലിദ് മലയിൽ തുടങ്ങിയവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.