പ്ലാസ്റ്റിക്, സിമന്റ് ചട്ടികൾ മറന്നേക്കൂ; ചാണക ചട്ടി റെഡി
text_fieldsഅലനല്ലൂർ: പ്ലാസ്റ്റിക്, സിമന്റ് ചട്ടികൾക്ക് വിട. പരിസ്ഥിതി സൗഹൃദമായി വിത്തുകൾ മുളപ്പിക്കാനും തൈകൾ വളർത്താനും ചാണകം കൊണ്ട് ചട്ടികൾ നിർമിക്കുകയാണ് തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെത്തിയ പൂക്കാട് വെറ്ററിനറി കോളജിലെ ബിരുദ വിദ്യാർഥികൾ. പരിശീലനഭാഗമായി ഒരു മാസത്തിലേറെയായി ചട്ടി നിർമാണം തുടങ്ങിയിട്ട്. 20 രൂപ നിരക്കിൽ വിപണിയിലെത്തിക്കാനാണ് തീരുമാനം.
ചാണകത്തിന്റെ ശരിയായ ഉപയോഗവും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുകയും കാർഷിക മേഖലയെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ലളിതവും ചെലവ് കുറഞ്ഞതുമായ നിർമാണ രീതിയാണിത്. പോളിഹൗസിൽ ഉണക്കിയെടുക്കുന്ന ചാണകം യന്ത്രത്തിലെ പ്രത്യേക അച്ചിൽ നിറക്കും. തുടർന്ന് അച്ചിനെ ബന്ധിപ്പിച്ച സ്റ്റിയറിങ് വേഗത ക്രമീകരിച്ച് തിരിക്കുന്നതോടെ ചട്ടിയായി രൂപാന്തരപ്പെടും.
പിന്നീട് രണ്ടാഴ്ച് തണലിൽ വെച്ച് ഉണങ്ങുന്നതോടെ ബലമുള്ളതാകും. ഒരു കിലോ പച്ച ചാണകം കൊണ്ട് നിർമിക്കുന്ന ചട്ടിക്ക് അര കിലോ ഭാരമാണ് ഉണ്ടാവുക.
ഒരു ചട്ടി നിർമിക്കാൻ അഞ്ച് മിനിറ്റ് മതി. സർവകലാശാലയുടെ നിർദേശപ്രകാരമാണ് വെറ്ററിനറി ബിരുദ വിദ്യാർഥികളായ പി.കെ. ബിനോയ്, കെ. അഞ്ജലി ജോഷി, ശ്രീരകുമാർ, എ. മുഹമ്മദ് മുഫ് ലിഹ്, വൈശാഖ് എസ്. കുമാർ, റിഷിക നവാസ്, അർജുൻ, പി. മനോഹർ എന്നിവർ നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
ഡോ. എ. പ്രസാദ്, അഗ്രികൾച്ചറൽ അസി പ്രഫ. അഖില, സി. തമ്പി, ഡോ. എസ്. പ്രമോദ്, സീനിയർ ഫാം സൂപ്പർവൈസർ സുരേഷ് ബാബു എന്നിവരാണ് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.