തിരുവിഴാംകുന്ന് കന്നുകാലി ഫാമിൽ കാട്ടാനകൾ
text_fieldsഅലനല്ലൂർ: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിൽ തമ്പടിച്ച രണ്ട് കാട്ടാനകളെ തുരത്താൻ വനപാലകർ ശ്രമം തുടങ്ങി. വ്യാഴാഴ്ച രാത്രി ഒമ്പതിന് ശേഷമാണ് തിരുവിഴാംകുന്ന്, പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ, മണ്ണാർക്കാട് ആർ.ആർ.ടി എന്നിവിടങ്ങളിലെ ജീവനക്കാരുടെ നേതൃത്വത്തിൽ സർക്കാർ വനത്തിലേക്ക് ഇവയെ തുരത്താൻ തുടങ്ങിയത്. മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസുകാരും കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരും സഹായത്തിനുണ്ട്.
കന്നുകാലി ഗവേഷണ കേന്ദ്രത്തിന് ചുറ്റും താമസിക്കുന്നവരും വാഹനത്തിൽ യാത്ര ചെയ്യുന്നവരും വനം ഉദ്യോഗസ്ഥരുടെ അനുമതി തേടണമെന്ന നിർദേശം നൽകിയാണ് ആനകളെ വനത്തിലേക്ക് ഓടിക്കാൻ തുടങ്ങിയത്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചക്ക് ശേഷം സാമൂഹ മാധ്യമങ്ങളിലൂടെയാണ് വനംവകുപ്പ് പ്രദേശവാസികൾക്ക് നിർദേശം നൽകിയത്.
കാപ്പ് പറമ്പ് ഭാഗത്ത് വെള്ളിയാർ പുഴയിലൂടെയാണ് രണ്ട് ആനകൾ കന്നുകാലി ഫാം ഗവേഷണകേന്ദ്രത്തിലെ കാട്ടിലെത്തിയത്. സമീപത്തെ നിരവധി കർഷകരുടെ കൃഷി ഇവ നശിപ്പിച്ചിട്ടുണ്ട്. ഇരട്ടവാരിയിലൂടെയാണ് ആനകളെ കാട്ടിലേക്ക് തുരത്താൻ ഉദ്ദേശിക്കുന്നത്. ഇതുവഴി ഇവയെ ഓടിക്കാൻ കഴിഞ്ഞാൽ അര കിലോമീറ്റർ കൊണ്ട് വനത്തിലെത്തിക്കാം. വന്ന വഴി തന്നെ വനത്തിലെത്തിക്കാൻ ഒരു കിലോമീറ്ററിലധികം ദൂരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.