കൂട്ടുകാരന് അന്തിയുറങ്ങാൻ വീടുമായി സഹപാഠികളുടെ സ്നേഹം
text_fieldsഅലനല്ലൂർ: ജീവിതവഴിയിൽ പിതാവിനെ നഷ്ടപ്പെട്ട പ്രിയകൂട്ടുകാരൻ ഷഹീമിനും കുടുംബത്തിനും തണലൊരുക്കിയതിെൻറ സന്തോഷത്തിലാണ് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ്. എൻ.എസ്.എസ് വളൻറിയർമാരും അധ്യാപകരും ചേർന്ന് ഉദാരമതികളുടെ സഹകരണത്തോടെ നിർമാണം പൂർത്തിയാക്കിയ വീടിെൻറ താക്കോൽ ചൊവ്വാഴ്ച രാവിലെ 11.30ന് വി.കെ. ശ്രീകണ്ഠൻ എം.പി കുടുംബത്തിന് കൈമാറും.
സ്വന്തമായ കിടപ്പാടത്തിനായി തറപ്പണി പൂർത്തിയാക്കിയെങ്കിലും അകാലത്തിൽ ജീവൻ വെടിഞ്ഞ ചെള്ളി കബീറിന് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനായില്ല. കൂട്ടുകാരൻ ഷഹീമിനും സഹോദരങ്ങൾക്കും തലചായ്ക്കാനൊരു കൂര പോലുമില്ലാത്ത അവസ്ഥയിൽ കളികൂട്ടുകാരെൻറ കണ്ണീരൊപ്പാൻ സഹപാഠികളും രക്ഷിതാക്കളും സ്കൂൾ അധികൃതരും കൈകോർക്കുകയായിരുന്നു.
സംഭാവനകൾ സ്വരൂപിച്ചതിനു പുറമെ ഉപജില്ല കലോത്സവത്തോടനുബന്ധിച്ച് ഭക്ഷ്യമേളയും സംഘടിപ്പിച്ചാണ് പണം കണ്ടെത്തിയത്. നിർമാണത്തിനാവശ്യമായ മറ്റു വിഭവങ്ങളും സാമഗ്രികളും സുമനസ്സുകളിൽനിന്ന് സംഭാവനയായി ലഭിക്കുകയും ചെയ്തു. താക്കോൽദാന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അക്കര ജസീന അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.