എടത്തനാട്ടുകരയിൽ കടുവ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്
text_fieldsഅലനല്ലൂർ: എടത്തനാട്ടുകരയിൽ കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിയായ യുവാവിന് പരിക്ക്. ഉപ്പുകുളം കിളയപ്പാടത്തെ വെള്ളേങ്ങര മുഹമ്മദിെൻറ മകൻ ഹുസൈനാണ് (34) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ എേട്ടാടെ പിലാച്ചോലയിലെ എൻ.എസ്.എസ് എസ്റ്റേറ്റിന് സമീപത്താണ് കടുവയുടെ ആക്രമണമുണ്ടായത്. തോളിലും മുതുകിലും പരിക്കേറ്റു. തോളിലെ മുറിവ് ആഴത്തിലുള്ളതാണ്. ഹുസൈനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലനാരിഴക്കാണ് കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഒരു മാസത്തിലധികമായി പ്രദേശത്ത് ഒന്നിലധികം കടുവകളുടെ വിഹാരം ഉള്ളതായി നാട്ടുകാർ പറയുന്നു.
പലതവണ ടാപ്പിങ് തൊഴിലാളികളും പ്രദേശവാസികളും വനംവകുപ്പിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. വളർത്തുമൃഗങ്ങൾക്ക് നേരെ കടുവയുടെ ആക്രമണം ഉണ്ടാകുന്നത് പ്രദേശത്ത് പതിവാണെങ്കിലും മനുഷ്യന് നേരെ ആക്രമണം ഉണ്ടാകുന്നത് ആദ്യമായാണ്. ഫെബ്രുവരി ഏഴിന് ചൂളിയിൽ മേയാൻ വിട്ട കാളകളിൽ ഒന്നിനെ കടുവ ആക്രമിച്ച് തിന്നിരുന്നു. സമീപ പ്രദേശങ്ങളിൽ നിരവധി ആടുകളെയും വളർത്തുനായകളെയും കടുവ ഇരയാക്കിയിരുന്നു.
പുതിയ സംഭവത്തോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. കാൽപാടുകളും ഹുസൈെൻറ ദേഹത്തെ മുറിവുകളും ശാസ്ത്രീയമായി പരിശോധിച്ച് മാത്രമേ കടുവയാണെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് മണ്ണാർക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ യു. ആഷിക്കലി അറിയിച്ചു. ഇവിടെ ഞായറാഴ്ച കാമറയും രണ്ട് ദിവസത്തിനകം കെണിയും സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.